'പത്മജ പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമുക്ക് മുന്നിലുണ്ട്' ഷാഫി പറമ്പിൽ

'കരുണാകരൻ്റെ മകൾ എന്ന ബഹുമാനം ഉണ്ട്. പക്ഷേ, പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമുക്ക് മുന്നിലുണ്ട്.' ഷാഫി പറമ്പിൽ പറഞ്ഞു

Shafi Parambil

തിരുവനന്തപുരം: പാർട്ടി സർക്കാർ ഏകോപന വിഷയത്തിൽ പ്രതികരിക്കാതെ കെപിസിസി വർക്കിംഗ്‌ പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപി. പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിക്ക് അകത്ത് ചർച്ചചെയ്യുമെന്നും മാധ്യമങ്ങളോട് പറയാനില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നാല് ദിവസം മുമ്പാണ് കോണ്‍ഗ്രസിലെ‍ ഗ്രൂപ്പ് തര്‍ക്കത്തിൽ ഷാഫി ഉൾപ്പടെയുള്ള എ ഗ്രൂപ്പ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് പരാതി നല്‍കിയത്.

അതേസമയം ബിജെപി വിട്ട പത്മജ വേണുജപാലിനെ സ്വാഗതം ചെയ്യണോ തള്ളണോ എന്നത് AICC തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 'കരുണാകരൻ്റെ മകൾ എന്ന ബഹുമാനം ഉണ്ട്. പക്ഷേ, പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമുക്ക് മുന്നിലുണ്ട്.' ഷാഫി പറമ്പിൽ പറഞ്ഞു.

ഗ്രൂപ്പ് തര്‍ക്കത്തിൽ ഷാഫിക്കെതിരെ കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഇന്ന് രംഗത്തെത്തിയിരുന്നു. ഷാഫി എ ഗ്രൂപ്പിൻ്റെ ഭാഗമല്ലെന്നും, പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വിഭാഗീയതയാണെന്നുമായിരുന്നു ഉണ്ണിത്താൻ്റെ ആരോപണം. അതേസമയം ബിജെപി വിട്ട പത്മജയും ഉണ്ണിത്താൻ തള്ളി. പത്മജ കോൺഗ്രസിലേക്ക് തിരിച്ചുവരുന്നത് ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടാത്തതുകൊണ്ടാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.

ഉമ്മന്‍ചാണ്ടിയുടെ ഒപ്പം നിന്നവരെ അവഗണിക്കുന്നതായാണ് ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കൾ നൽകിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. കെ സി ജോസഫിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ എഐസിസി അധ്യക്ഷന് പരാതി നല്‍കിയത്. ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരും എഐസിസി അധ്യക്ഷനെ കണ്ടിരുന്നു.

മുഖ്യമന്ത്രി വി ഡി സതീശനെയും സണ്ണി ജോസഫിനെയും കാര്യങ്ങള്‍ അറിയിച്ചിരുന്നെങ്കിലും അതില്‍ യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് എഐസിസി അധ്യക്ഷനെ നേരിട്ട് കാണാന്‍ നേതാക്കൾ തീരുമാനിച്ചത്. സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനം ഇല്ലെന്നും അതില്‍ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ മന്ത്രി സഭാ യോഗത്തില്‍ മന്ത്രിമാര്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlights: Congress MP Shafi Parambil says party-related issues will be discussed internally and leaves the decision on welcoming Padmaja Venugopal back to Congress to the AICC

To advertise here,contact us