മുംബൈ: മലയാളി മാധ്യമപ്രവര്ത്തകന് റെജാസ് എം ഷീബ സിദ്ധിഖിനെതിരെ മഹാരാഷ്ട്ര പൊലീസ് ചുമത്തിയ യുഎപിഎ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്റ്റ്) പ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കി കോടതി. നാഗ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് റെജാസിനെതിരായ യുഎപിഎ കുറ്റങ്ങള്‍ ഒഴിവാക്കിയത്. റെജാസ് നല്കിയ ജാമ്യാപേക്ഷയില്‍ കോടതി ഡിസംബര്‍ മൂന്നിന് വാദം കേള്‍ക്കും. റെജാസിനെതിരായ യുഎപിഎ കുറ്റങ്ങള്‍ ഒഴിവാക്കിയാലും ബിഎന്‍എസ് പ്രകാരമുള്ള 152, 353 (1) എന്നീ വകുപ്പുകള്‍ ചുമത്തി വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ 560 ദിവസമായി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റെജാസ്. നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2025 മെയ് ഏഴിനാണ് റെജാസിനെ അറസ്റ്റ് ചെയ്യുന്നത്. നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് ലഗഡ്ഗഞ്ച് പൊലീസായിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ റെജാസിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളുടെ പേരില്‍ മാവോയിസ്റ്റ് ബന്ധം പൊലീസ് ആരോപിച്ചിരുന്നു. പ്രൊഫസര്‍ ജി എന്‍ സായിബാബയുടെ ജീവിതത്തെ കുറിച്ചും മാര്‍ക്സിസം-ലെനിനിസത്തെക്കുറിച്ചുള്ള ഓരോ പുസ്തകങ്ങളും ഒണ്‍ലി പീപ്പില്‍ മേക്ക് ദെയര്‍ ഓണ്‍ ഹിസ്റ്ററി എന്ന പുസ്തകവുമായിരുന്നു റെജാസിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്.
ഒരാഴ്ചയ്ക്ക് ശേഷം മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന യുഎപിഎയിലെ സെക്ഷന്‍ 38, 39 വകുപ്പുകള്‍ പ്രകാരം റെജാസിനെതിരെ കേസെടുത്തു. തുടര്‍ന്ന് റെജാസിനെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു. ഇതിനിടെ ജാമ്യാപേക്ഷയുമായി നിരവധി തവണ റെജാസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയാണ് ചെയ്തത്.
അറസ്റ്റിലാകുമ്പോള്‍ 26 വയസായിരുന്നു റെജാസിന്റെ പ്രായം. കേരള സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടിയിട്ടുള്ള റെജാസ് മക്തൂബ്, കൗണ്ടര്‍ കറന്റ്സ് തുടങ്ങിയ സ്വതന്ത്ര മാധ്യമ പ്ലാറ്റ്ഫോമുകളില്‍ എഴുതിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെയും സൈനിക നടപടികളെയും വിമര്‍ശിച്ച് റെജാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.
Content Highlights- A court in Nagpur has dropped the UAPA charges against Malayali journalist Rejas. The ruling removes the charges brought against him under the Unlawful Activities (Prevention) Act.