മീനിനെ പിടിച്ച് കരയിലിട്ടതുപോലെ ആയിരുന്നു, രാജിക്ക് ശേഷം മനസ് ശാന്തമായി; പത്മജ റിപ്പോര്‍ട്ടറിനോട്

താന്‍ ആരാധിക്കുന്ന നേതാക്കളും ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന നേതാക്കളും രണ്ടും രണ്ടാണെന്നും, ഇത് ഏറെ ബുദ്ധിമുട്ടായി തോന്നിയെന്നും റിപ്പോര്‍ട്ടറിനോട് പത്മജ പറഞ്ഞു

കൊച്ചി: പ്രത്യയശാസ്ത്രപരമായി യോജിക്കാന്‍ സാധിക്കാത്തതിനാലാണ് ബിജെപിയില്‍ നിന്നും രാജി വെച്ചത് എന്ന് പത്മജ വേണുഗോപാല്‍. താന്‍ ആരാധിക്കുന്ന നേതാക്കളും ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന നേതാക്കളും രണ്ടും രണ്ടാണെന്നും, ഇത് ഏറെ ബുദ്ധിമുട്ടായി തോന്നിയെന്നും റിപ്പോര്‍ട്ടറിനോട് പത്മജ പറഞ്ഞു. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തോട് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു മറുപടി. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് രാജി വെക്കുന്നതെന്നും, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കം വളരെ നല്ല രീതിയിലാണ് തന്നോട് പെരുമാറിയതെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

'ഇപ്പോള്‍ രാജിവെച്ചതല്ലേയുള്ളൂ, ഒന്നും തീരുമാനിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെച്ചത്. അവരുടെ പ്രത്യയശാസ്ത്രങ്ങളുമായി ചേര്‍ന്നുപോകാന്‍ സാധിക്കുന്നില്ല. അത് എന്റെ തെറ്റ് തന്നെയാണ്. അവര്‍ എന്റെയടുത്ത് വളരെ നല്ല രീതിയിലാണ് പെരുമാറിയത്. എന്നാല്‍ എനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ വളര്‍ന്നുവന്ന രീതിയും അവരുടെ രീതിയും രണ്ടും രണ്ടാണ്. ഞാന്‍ ആരാധിക്കുന്നവരെയല്ല അവര്‍ ആരാധിക്കുന്നത്. അവരുടെ നേതാക്കളെല്ലാം വേറെയാണ്. കുട്ടിക്കാലത്ത് എതിരായി കേട്ട പേരുകളൊക്കെയാണ് അവരുടെ നേതാക്കള്‍. അതെല്ലാം വളറെ ബുദ്ധിമുട്ടായി തോന്നി,' പത്മജ പറഞ്ഞു.

എട്ട് മാസത്തോളമായി താന്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തിട്ടെന്നും തന്റെ ബുദ്ധിമുട്ടുകള്‍ പാര്‍ട്ടി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞിട്ടുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. 'അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന കാര്യം ഞാന്‍ പ്രസിഡന്റുമായി സംസാരിച്ചിരുന്നു. അദ്ദേഹം കാരണമാണ് ഞാന്‍ കുറച്ചുകാലം കൂടി പാര്‍ട്ടിയില്‍ പിടിച്ചുനിന്ന് പോയത്. നമ്മുടെയെല്ലാം വിഷമങ്ങള്‍ മനസിലാക്കുന്ന വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. പലപ്പോഴും സാന്ത്വനവാക്കുകള്‍ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു. പക്ഷേ ഒരു മീനിനെ പിടിച്ച് കരയിലിട്ടതുപോലെയായിരുന്നു എന്റ മനസ്. എന്നാല്‍ ഇപ്പോള്‍ ശാന്തമായി,' പത്മജ പറഞ്ഞു.

ബിജെപിയില്‍ ചേരുമ്പോള്‍ ഒരു തരത്തിലുള്ള വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും, കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ വന്ന കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചുനാളുകളായി പത്മജ ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. 2024 മാര്‍ച്ചിലാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പത്മജ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന ശേഷം 2025 മാര്‍ച്ചില്‍ ദേശീയ കൗണ്‍സില്‍ അംഗമായി നിയമിച്ചതല്ലാതെ മറ്റു പ്രധാന പദവികളിലേക്കൊന്നും അവരെ പരിഗണിച്ചിരുന്നില്ല. ഇടയ്ക്ക് ഗവര്‍ണര്‍ പദവി നല്‍കുമെന്ന സൂചനകള്‍ ഉയര്‍ന്നുവെങ്കിലും അത് വാഗ്ദാനങ്ങളില്‍ മാത്രമായി ഒതുങ്ങി. പാര്‍ട്ടിയില്‍ വ്യക്തമായ അടയാളപ്പെടുത്തലിനോ സ്ഥാനമാനങ്ങള്‍ക്കോ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പത്മജ ബിജെപി ക്യാമ്പുമായി അകന്നത്.

പത്മജ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട് ചില നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും, തിരിച്ചുവരവ് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളിലേക്കൊന്നും തന്നെ കോണ്‍ഗ്രസ് കടന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി പാര്‍ട്ടി വിട്ട പത്മജ, സ്വന്തം സഹോദരന്‍ കെ മുരളീധരനെ 'ചതിയന്‍' എന്ന് വിശേഷിപ്പിക്കുകയും നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. തൃശൂരിലെ കെ കരുണാകരന്റെ വസതിയായ മുരളി മന്ദിരത്തിലേക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പ്രവേശനമൊരുക്കിയത് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വലിയ മുറിവുണ്ടാക്കിയിരുന്നു. പത്മജ തിരികെ കോണ്‍ഗ്രസിലെത്തിയാലും വേഗത്തില്‍ വലിയ പദവികളൊന്നും ലഭിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Padmaja Venugopal said ideological differences and her inability to adjust to the BJP's political outlook led to her resignation from the party. She revealed that state BJP president Rajeev Chandrasekhar's support and understanding had kept her in the party for some time despite her discomfort. Padmaja also said she had not decided whether to return to the Congress, while denying reports of promises made to her when she joined the BJP in March 2024. Her resignation comes amid growing differences with the BJP leadership and speculation over a possible return to the Congress.

To advertise here,contact us