പിഎസ്‌സി അഴിമതിയുടെ സ്ഥാപനമായി മാറി, അതുകൊണ്ടാകാം ഗവര്‍ണര്‍ ഈ തീരുമാനമെടുത്തത്: കെ മുരളീധരന്‍

എന്തുപറഞ്ഞാലും ബിജെപി ബന്ധം പറയുന്നത് ശരിയല്ല. ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെന്നും കെ മുരളീധരന്‍

തിരുവനന്തപുരം: പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശയില്‍ പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍. പിഎസ്‌സി അഴിമതിയുടെ സ്ഥാപനമായി മാറിയെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമായി പിഎസ്‌സി മാറും. അതുകൊണ്ടായിരിക്കും ഗവര്‍ണര്‍ ഈ തീരുമാനം എടുത്തതെന്നും കെ മുരളീധരന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

പിഎസ്‌സിക്ക് എതിരെയുള്ള നിലപാടാണ് സര്‍ക്കാരിന്റേതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. അഴിമതിക്കെതിരായ നിലപാടാണ് സര്‍ക്കാരിന്റേത്. എന്തുപറഞ്ഞാലും ബിജെപി ബന്ധം പറയുന്നത് ശരിയല്ല. ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കൂടി അറിഞ്ഞുള്ള തീരുമാനമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഗവര്‍ണര്‍ ഇങ്ങനെയൊരു തീരുമാനമെടുക്കില്ല. ബിജെപി രാഷ്ട്രീയ താല്‍പ്പര്യം സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പരീക്ഷാ ക്രമക്കേട് നടക്കാന്‍ പാടില്ലാത്തതാണെന്നും ക്രമക്കേട് നടന്നുവെങ്കില്‍ വസ്തുത സര്‍ക്കാര്‍ പറയട്ടെയെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പിഎസ്സി ചെയര്‍മാനെ പുറത്താക്കാണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പാണ് രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. പരീക്ഷാക്രമക്കേട് പരാതിയിലാണ് നടപടി.

സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പായിരുന്നു സുപ്രധാന നീക്കം. ചെയര്‍മാന്‍ എം ആര്‍ ബൈജു അടക്കം 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്. ഇക്കാര്യത്തില്‍ രാഷ്ട്രപതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. പിഎസ്സി ഗുരുതരമായ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. അന്വേഷണത്തില്‍ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ തന്നെ നേരിട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനമുണ്ടായത്. പരാതികളുടെ പകര്‍പ്പും മാധ്യമ വാര്‍ത്തകളും അടക്കമാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

Content Highlights: Congress leader K Muraleedharan alleges that the PSC has become an institution of corruption and suggests this may explain the Governor’s decision.

To advertise here,contact us