കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ഇകെ വിഭാഗം സമസ്തയും. വഖഫ് ബോർഡിലെ പ്രാതിനിധ്യം ഔദാര്യമല്ലെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപിഎം അഷ്റഫ് പ്രതികരിച്ചു. സമസ്തയ്ക്ക് അർഹമായ പരിഗണന നൽകുന്നത് സംഘടനയെ പ്രീതിപ്പെടുത്തലല്ല, യാഥാർഥ്യങ്ങളെ അംഗീകരിക്കലാണ്. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ട ബോർഡ് രാഷ്ട്രീയ താൽപര്യങ്ങൾക്കുള്ള വേദിയാകരുതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. നേരത്തെ എപി വിഭാഗം സമസ്തയും പുനഃസംഘടനയിൽ അതൃപ്തി അറിയിച്ചിരുന്നു. ഇന്നലെ ലീഗ് വിളിച്ച മുസ്ലീം സംഘടനകളുടെ യോഗം എപി സമസ്ത വിഭാഗം ബഹിഷ്കരിച്ചിരുന്നു.
'കേരളത്തിലെ വഖഫ് സ്ഥാപനങ്ങളുടെ എണ്ണവും അവയുടെ പരിപാലനത്തിൽ വിവിധ വിഭാഗങ്ങൾക്കുള്ള പങ്കും പരിഗണിക്കുമ്പോൾ, സമസ്തയ്ക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കേണ്ടതിന്റെ ന്യായം സുവ്യക്തമാണ്. ഇത് ഏതെങ്കിലും സംഘടനയോടുള്ള ഔദാര്യമല്ല, യാഥാർഥ്യങ്ങളെ അംഗീകരിക്കുന്ന നീതിപൂർവമായ സമീപനമാണ്. സർക്കാർ മറ്റു താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനുതന്നെയാണ്. എന്നാൽ, നീതിയുടെയും അർഹതയുടെയും അടിസ്ഥാനത്തിലാണോ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് പൊതുസമൂഹം വിലയിരുത്തുകതന്നെ ചെയ്യും', ഒപിഎം അഷറഫ് ഫേസ്ബുക്കിൽ കുറിച്ചു.
സമസ്തയുടെ പാരമ്പര്യവും സാമൂഹിക സംഭാവനകളും ജനങ്ങൾക്കിടയിലുള്ള സ്വാധീനവും ഏതെങ്കിലും അധികാരകേന്ദ്രത്തിന്റെ അംഗീകാരത്തെ മാത്രം ആശ്രയിച്ചുനിൽക്കുന്നതല്ല. അതേസമയം, സമസ്തയുടെ പേരിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനോ അതിനെ പരിഹസിച്ച് ചെറുതാക്കാനോ ശ്രമിക്കുന്നവർ സ്വന്തം സമീപനത്തിന്റെ നിലവാരത്തെക്കുറിച്ചും ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
അധികാരം ഉപയോഗിച്ച് തീരുമാനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, ആ തീരുമാനങ്ങൾ നീതിപൂർവമായിരുന്നോ എന്ന ചോദ്യം ചരിത്രത്തിൽ അവശേഷിക്കും. അധികാരത്തിന്റെ ബലത്തിൽ ലഭിക്കുന്ന താൽക്കാലിക നേട്ടങ്ങളേക്കാൾ വിലപ്പെട്ടതാണ് നീതിയുടെയും മാന്യതയുടെയും പക്ഷത്ത് നിലകൊള്ളുക എന്നത്. ആരാണ് അർഹമായ പരിഗണന നൽകിയത്, ആരാണ് അത് നിഷേധിച്ചത്, ആരാണ് പക്വതയോടെ പെരുമാറിയത്, ആരാണ് അനാവശ്യമായ വിവാദങ്ങൾക്ക് വഴിയൊരുക്കിയത് എന്നെല്ലാം പൊതുസമൂഹം നിരീക്ഷിക്കുന്നുണ്ട്. വിലയിരുത്താനുള്ള വിവേകവും അവർക്കുണ്ട്. വഖഫ് ബോർഡിലെ പ്രാതിനിധ്യം അധികാരത്തിന്റെ ഔദാര്യമല്ല, അർഹതയും നീതിയും പരിഗണിച്ച് തീരുമാനിക്കേണ്ട വിഷയമാണ്. സമസ്തയ്ക്ക് അർഹമായ പരിഗണന നൽകുക എന്നത് ഒരു സംഘടനയെ പ്രീതിപ്പെടുത്തലല്ല, യാഥാർഥ്യങ്ങളെ അംഗീകരിക്കുക എന്ന നീതിയാണെന്നും അഷ്റഫ് വ്യക്തമാക്കി.
Content Highlights: Samastha EK Faction Voices Discontent Over Waqf Board Restructuring