തിരുവനന്തപുരം: ചാലക്കുടിയിലെ എം ആർ സി സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിൽ നൽകിയ ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് റദ്ദാക്കി എക്സൈസ് വകുപ്പ്. ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും മദ്യനയം വരുംവരെ നിർത്തിവെക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. മാളുകളിലും ബേക്കറികളിലും വൈൻ വില്പന നടക്കുന്നില്ല എന്ന് കമ്മീഷണർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.
ഹോർട്ടി വൈൻ വിൽക്കാൻ ഉത്തരവ് പുറത്തിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ നേരത്തെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം ലിജു വ്യക്തമാക്കിയിരുന്നു. ബേക്കറി വഴി വൈൻ കൊടുക്കുന്നത് സമൂഹത്തെ ദോഷകരമായി ബാധിക്കും. സർക്കാരിന്റെ മദ്യനയ ചർച്ച നടന്നു വരികയാണ്. നിലവിലെ ചട്ടഭേഗതി മാറ്റണമോ എന്ന് മദ്യനയത്തിൽ തീരുമാനിക്കും. സർക്കാരിന്റെ മദ്യനയത്തിൽ ബേക്കറി വഴിയുള്ള വൈൻ വിൽപന ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെ മദ്യം കൊടുക്കുന്നതല്ല യുഡിഎഫിന്റെ പൊതുനിലപാടെന്നും മന്ത്രി പറഞ്ഞിരുന്നു. എൽഡിഎഫ് സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത് പ്രകാരമാണ് ഉദ്യോഗസ്ഥർ തീരുമാനമെടുത്തത്. യുഡിഎഫ് സർക്കാർ നയം തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സർക്കാർ നയമല്ല ഉദ്യോഗസ്ഥർ നടപ്പാക്കേണ്ടത്. വകുപ്പുമന്ത്രിയെ അറിയിച്ച് തീരുമാനം എടുക്കണമായിരുന്നുവെന്നും എം ലിജു വ്യക്തമാക്കിയിരുന്നു.
എക്സൈസ് മന്ത്രി അറിയാതെയായിരുന്നു നേരത്തെ ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയത്. ചാലക്കുടിയിലെ ബേക്കറിയിലായിരുന്നു ഹോർട്ടി വൈൻ വിൽപ്പന ആരംഭിച്ചത്. സംഭവത്തിൽ അതൃപ്തി വ്യക്തമാക്കിയ മന്ത്രി എം ലിജു എക്സൈസ് കമ്മീഷ്ണറോട് റിപ്പോർട്ട് തേടയിരുന്നു. 2026 ജൂൺ 24 ന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവൂ ആണ് വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പനയക്ക് അനുമതി നൽകിയത്. എക്സൈസ് മന്ത്രിയോട് ആലോചിക്കാതെ ആയിരുന്നു തീരുമാനമെടുത്തത്.
ഹോർട്ടി വൈന്റെ വിൽപന മാധ്യമങ്ങളിലൂടെയാണ് ശ്രദ്ധയിൽ പെട്ടതെന്ന് എക്സൈസ് മന്ത്രി എം ലിജു പറഞ്ഞിരുന്നു. സംഭവം അറിഞ്ഞയുടൻ എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് അബ്കാരി നിയമത്തിൽ ഭേദഗതി ചെയ്ത് ഹോർട്ടി വൈൻസ് കേരളത്തിൽ വിൽക്കാൻ ഉൾപ്പെടെയുള്ള ചട്ടങ്ങൾ രൂപീകരിച്ചിരുന്നു. ആ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ മുമ്പ് നൽകിയ അപേക്ഷയിലാണ് സർക്കാർ അധികാരത്തിൽ വന്ന ശേഷം എക്സൈസ് കമ്മീഷണറുടെ ഉത്തരവ് വന്നത്. ഇതിൽ സർക്കാരിന് കുറച്ച് കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. 15 ശതമാനം ആൽക്കഹോളുള്ള വൈൻസ് ബേക്കറികളിലും സാധാരണ കടകളിലും എത്തിക്കുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. വിശദമായ റിപ്പോർട്ട് എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമെ സർക്കാർ തീരുമാനമെടുക്കൂ എന്നും മന്ത്രി എം ലിജു വ്യക്തമാക്കിയിരുന്നു.
Content Highligts: The Kerala Excise Department has cancelled the licence to sell Horti Wine following the controversy surrounding the product.