വഖഫ് ബോർഡ് പിരിച്ചുവിടാൻ ഉമീദ് നിയമത്തിൽ വ്യവസ്ഥയില്ലെന്ന് വാദം: കെ എസ് ഹംസ ഹൈക്കോടതിയിൽ

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ ആണ് ഹൈക്കോടതി രണ്ടാഴ്ച സാവകാശം നൽകിയത് എന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാരിൻ്റെ വാദം

കൊച്ചി: പിരിച്ചുവിട്ട വഖഫ് ബോർഡിൻ്റെ ചെയർമാൻ കെ എസ് ഹംസ ഹൈക്കോടതിയിൽ. വഖഫ് ബോർഡ് പിരിച്ചുവിടാൻ ഉമീദ് നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ഹർജിയിൽ കെ എസ് ഹംസ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് വഖഫ് ബോർഡ് പുനഃസംഘടനയെന്നും ഹംസ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് നിയമത്തിലെ 14-ആം വകുപ്പ് പാലിച്ചല്ല പുനഃസംഘടനയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഹർജിയിൽ അവധി ദിനത്തിൽ പ്രത്യേക സിംഗിൾ ബെഞ്ച് വാദം കേട്ടു. ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി.

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കണം എന്ന് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവില്ലെന്നും കെ എസ് ഹംസ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒഴിവ് നികത്താൻ നടപടി എടുക്കണം എന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം. ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം മറികടന്നാണ് ബോർഡിനെതിരായ സർക്കാരിൻ്റെ നടപടി എന്നും കെ എസ് ഹംസ ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ട്. ബോറ വിഭാഗത്തിൽ നിന്നുള്ള അംഗത്തെ ഉൾപ്പെടുത്താൻ ആണ് പുനഃസംഘടന എന്ന സർക്കാരിൻ്റെ വാദം തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു എംഎൽഎയുടെ ഒഴിവ് ബോർഡിൽ ഉണ്ട്. ഈ ഒഴിവിൽ ബോറ വിഭാഗത്തിൽ നിന്നുള്ള അംഗത്തെ നിയോഗിക്കാമായിരുന്നു എന്നും കെ എസ് ഹംസ ഹർജിയിൽ പറയുന്നുണ്ട്.

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ ആണ് ഹൈക്കോടതി രണ്ടാഴ്ച സാവകാശം നൽകിയത് എന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാരിൻ്റെ വാദം. വഖഫ് ബോർഡിൽ അംഗങ്ങളെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ട്. ബോർഡ് പുനഃസംഘടിപ്പിക്കും എന്ന് അഡ്വക്കറ്റ് ജനറൽ ഡിവിഷൻ ബെഞ്ചിൻ്റെ അറിയിച്ചിരുന്നുവെന്നും സർക്കാർ ​ഹൈക്കോടതി അറിയിച്ചു. ഷിയ, ബോറ വിഭാഗങ്ങളെ ഉൾപ്പെടുത്താതെ ആണ് കഴിഞ്ഞ സർക്കാരിൻ്റെ ബോർഡ് രൂപീകരണം. ഈ സാഹചര്യത്തിൽ എൽഡിഎഫ് സർക്കാരിൻറെ വഖഫ് ബോർഡ് രൂപീകരണം തെറ്റെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.

Content Highlights KS Hamza has argued before the Kerala High Court that the UMEED Act contains no provision for dissolving the Waqf Board.

To advertise here,contact us