തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ ചാര്ട്ടേഡ് വിമാനയാത്രയെക്കുറിച്ച് പൊതു ഭരണ വകുപ്പിനും ഒന്നുമറിയില്ല. വിവരാവകാശ നിയമപ്രകാരം സമര്പ്പിച്ച ചോദ്യത്തിന് യാത്രയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് വകുപ്പ് നല്കിയ മറുപടി. സ്പോണ്സര് ആരാണെന്ന ചോദ്യത്തിന് അത് പറയേണ്ട കാര്യമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതേ മറുപടിയാണ് പൊതുഭരണ വകുപ്പും ആവര്ത്തിക്കുന്നത്. വിവരാവകാശ പ്രവര്ത്തകനാണ് അപ്പീല് നല്കിയത്.
മലപ്പുറത്ത് കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള് വിലയിരുത്തുന്നതിനും മറ്റുമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ചാര്ട്ടേഡ് ഫ്ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്ട്ടേഡ് ഫ്ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്പോണ്സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള് ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീശദീകരണം വന്നതോടെ ആ സ്പോണ്സര് ആരാണെന്നുള്ള ചോദ്യം ഉയര്ന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. വിമര്ശനം ശക്തമായപ്പോഴും സ്പോണ്സര് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
കര്ണാടകയിലെ കേളചന്ദ്ര ഏവിയേഷന്റെ വിമാനമായിരുന്നു മുഖ്യമന്ത്രി മലപ്പുറം യാത്രയ്ക്കായി ഉപയോഗിച്ചത്. ചാര്ട്ടേഡ് വിമാനത്തിനായി ചിപ്സണ് ഏവിയേഷനാണ് പണം കൈമാറിയതെന്നും 19 ലക്ഷത്തോളം രൂപയാണ് വിമാനത്തിന്റെ വാടകയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഹെലികോപ്റ്റര് കരാര് കമ്പനിയാണ് ചിപ്സണ് ഏവിയേഷന്.
Content Highlghts: An RTI response reportedly reveals that the General Administration Department had no information about the Chief Minister’s controversial flight journey.