കാസര്‍കോട്: സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തണമെന്ന് ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. 1905 ലെ ബംഗാള്‍ വിഭജനവിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്നായിരുന്നു നന്ദകുമാറിന്റെ പരാമര്‍ശം. കസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട് നടന്ന സെമിനാറില്‍ പ്രസംഗിക്കവെയായിരുന്ന പരാമര്‍ശമുണ്ടായത്. വന്ദേമാതരമാണ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സമരത്തെ നയിച്ചത്. എന്നാല്‍ 47ലെ സമരത്തെയാണ് ചരിത്രകാരന്മാര് തീവ്രമായി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലെ സെമിനാറില്‍ ജെ നന്ദകുമാറിനെ മുഖ്യ പ്രഭാഷകനായി ഉള്‍പ്പെടുത്തിയതില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്നതിനിടെയായിരുന്നു പ്രസ്താവനയുണ്ടായത്.
അതേസമയം ജെ നന്ദകുമറിനെ പ്രഭാഷകനായി ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് രംഗത്ത് വന്നിരുന്നു. കാസര്‍കോഡ് നടന്നത് വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടിയാണെന്ന് എം ശിവപ്രസാദ് പറഞ്ഞു. ആര്‍ക്ക് വേണ്ടിയാണ് പരിപാടി നടത്തുന്നതെന്നും ശിവപ്രസാദ് ചോദിച്ചു. വന്ദേമാതരം സെമിനാറിന് എസ്എഫ്ഐ എതിരല്ല. എന്നാല്‍ പരിപാടിയില്‍ സംഘപരിവാര്‍ നേതാവ് തന്നെ വേണമെന്ന പിടിവാശി എങ്ങനെ വന്നുവെന്ന് ശിവപ്രസാദ് ചോദിച്ചു. നന്നായി വര്‍ഗീയത പറയുന്ന ആളെ തിരഞ്ഞുപിടിച്ചു കൊണ്ടുവരികയാണ്. ഇത് മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളിയാണെന്നും ശിവപ്രസാദ് പറഞ്ഞു.
അതിശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് പരിപാടിക്കെതിരെ സര്‍വകലാശാലയില്‍ ഉയര്‍ന്നത്. എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ്, എഐഎസ്എഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആര്‍എസ്എസിനെതിരായ ശക്തമായ മുദ്രാവാക്യങ്ങളുമായാണ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സെമിനാര്‍ ഹാളിന് മുന്നില്‍ അണിനിരന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തടയാന്‍ കനത്ത പൊലീസ് സന്നാഹം സര്‍വകലാശാലയില്‍ ഏര്‍പ്പെടുത്തിയിരുന്നു.
സര്‍വകലാശാലയിലെ ഭാഷാ വിഭാഗത്തിന്റെ കൂടി നേതൃത്വത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സെമിനാറില്‍ അതേ ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥികളെ പോലും കടത്തി വിടുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. എബിവിപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ക്ക് മാത്രമായി നടത്തുന്ന സെമിനാറാണ് നടക്കുന്നതെന്നും സര്‍വകലാശാലയെ പൂര്‍ണമായും കാവിവല്‍ക്കരിക്കാനുള്ള നടപടിയാണ് ഇതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സര്‍വകലാശാലയിലെ പ്രസ്തുത ഡിപ്പാര്‍ടിമെന്റുകളിലെ റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി മുഴുവന്‍ വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുക്കണമെന്നായിരുന്നു സര്‍വകലാശാലയുടെ നിര്‍ദ്ദേശം. എന്നാല്‍ ഡെലിഗേറ്റുകളായ വിദ്യാര്‍ത്ഥികളെ പോലും സെമിനാര്‍ ഹാളിനുള്ളില്‍ കടത്തി വിടാതെ പൊലീസ് തടഞ്ഞിരുന്നു.
സെമിനാറിനായി എത്തിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ പൊലീസ് സംരക്ഷണയിലാണ് സെമിനാര്‍ ഹളിനുള്ളില്‍ എത്തിച്ചത്. വന്ദേമാതരം പൂര്‍ണമായി ആലപിച്ചായിരുന്നു സെമിനാറിന് തുടക്കമായത്. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്കെത്തിയ സ്റ്റുഡന്റ്സ് ഡീന്‍ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളില്‍ വിശദീകരകണമോ ഉത്തരമോ നല്‍കാനായിരുന്നില്ല.
Content Highlights: RSS leader J Nandakumar called for a revision of the history of India’s freedom struggle during a Vande Mataram-related seminar at Central University Kerala in Kasaragod. He claimed Congress had no role in the 1905 anti-partition movement in Bengal and said Vande Mataram led the movement from Kashmir to Kanyakumari. His remarks came amid strong student protests over his inclusion as the keynote speaker.