മന്ത്രി ജനീഷിനെതിരെ DYFI സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്തു; താത്ക്കാലിക ഡോക്ടറെ പുറത്താക്കി

ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു

കാസര്‍കോട്: കാസര്‍കോട് മന്ത്രി ഒ ജെ ജനീഷിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത താത്ക്കാലിക ഡോക്ടറെ പുറത്താക്കി. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ദന്തല്‍ സര്‍ജനായി ജോലി ചെയ്തിരുന്ന ഡോ. സിദ്ധാര്‍ത്ഥ് രവീന്ദ്രനെയാണ് പുറത്താക്കിയത്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യാ ദയാനന്ദന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റിയുമായി ഒപ്പുവെച്ച കരാറിന്റെ ലംഘനമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടറെ പുറത്താക്കിക്കൊണ്ടുള്ള നടപടി വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടപടിക്ക് ആസ്പദമായ സംഭവമുണ്ടായത്. മന്ത്രി ഒ ജെ ജനീഷിനെതിരെ കാസര്‍കോട് വിവിധയിടങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. നീലേശ്വരം, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം നടന്നത്. കാഞ്ഞങ്ങാട് നടന്ന പ്രതിഷേധത്തിലായിരുന്നു ഡോ. സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍ പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡോക്ടര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

Content Highlights- A temporary doctor was removed after participating in a black flag protest organized by DYFI against Minister Janeesh, according to the report. The action followed the doctor’s reported participation in the protest.

To advertise here,contact us