കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍മാന്‍; വിജയം എല്‍ഡിഎഫ് പിന്തുണയില്‍

26 അംഗ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടുകളാണ് ലഭിച്ചത്.

കോട്ടയം: പാലാ നഗരസഭ വൈസ് ചെയര്‍മാനായി കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസ് തെരഞ്ഞെടുക്കപ്പെട്ടു. 14 വോട്ടുകള്‍ നേടിയാണ് ബിജു മാത്യൂസ് വിജയിച്ചത്. 26 അംഗ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ പിന്തുണയോടെയാണ് ബിജു മാത്യൂസിന്റെ വിജയം.

വിമതപക്ഷത്തെ ടോണി തൈപ്പറമ്പിലും, ലിസിക്കുട്ടി മാത്യുവും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. മറ്റൊരു വിമതയായ രജിത പ്രകാശ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. വിമതപക്ഷത്ത് ഉണ്ടായിരുന്ന മൂന്ന് പേരുടെ പിന്മാറ്റം രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടാണെന്നും ഭരണത്തില്‍ അവരുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിജു മാത്യൂസ് പറഞ്ഞു. കോണ്‍ഗ്രസ് അംഗമായിരുന്ന ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് വിമതനായത്.

നഗരസഭാ ചെയര്‍പേഴ്‌സണായി മായാ രാഹുലിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. എല്‍ഡിഎഫ് പിന്തുണയോടെ തന്നെയായിരുന്നു മായയുടെ വിജയവും. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച മായ രാഹുല്‍ 12 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും 3 കോണ്‍ഗ്രസ് വിമതരുടെയും ഉള്‍പ്പടെ വോട്ട് നേടിയായിരുന്നു വിജയിച്ചത്.

Content Highlights: Congress rebel Biju Mathews has been elected Vice Chairman of Pala Municipality with the support of the LDF.

To advertise here,contact us