റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങളുടെ വിലയില്‍ മാറ്റം; വിലകൂട്ടിയത് 60 ആഹാര ഇനങ്ങള്‍ക്ക്

38 പാന്‍ ഇന്ത്യ വിഭവങ്ങള്‍ക്കും 22 പ്രാദേശിക വിഭവങ്ങള്‍ക്കുമാണ് വില കൂട്ടിയത്

കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണസാധനങ്ങളുടെ വില കൂട്ടി. 60 ആഹാര ഇനങ്ങള്‍ക്കാണ് വിലകൂട്ടിയത്. 38 പാന്‍ ഇന്ത്യന്‍ വിഭവങ്ങള്‍ക്കും 22 പ്രാദേശിക വിഭവങ്ങള്‍ക്കുമാണ് വിലകൂട്ടിയത്. കൂടാതെ പുതിയ വിഭവങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചായയുടെയും കാപ്പിയുടെയും വിലയില്‍ വ്യത്യാസമൊന്നും വരുത്തിയിട്ടില്ല.

രണ്ട് ഇഡിലിക്കും ചട്ട്ണിക്കും മുമ്പ് 20 രൂപ നല്‍കിയാല്‍ മതിയായിരുന്നു എന്നാല്‍ ഇനിമുതല്‍ 25 രൂപ നല്‍കണം. വെജിറ്റബിള്‍ സാന്‍ഡ്വിച്ച് 30 രൂപയില്‍ നിന്നും 35 രൂപയായി. രണ്ട് വെജിറ്റബിള്‍ കട്ട്ലെറ്റ് കഴിക്കാന്‍ 50 രൂപ നല്‍കണം. നിലവില്‍ 40 രൂപയായിരുന്നു. റവദോശയ്ക്കും റവ ഇഡ്ഡലിക്കും അഞ്ച് രൂപ കൂടി. യഥാക്രമം 30, 25 രൂപയായി.

ചോറിനും മീന്‍കറിക്കും 110 രൂപ നല്‍കണം. 95 രൂപയായിരുന്നു. രണ്ട് പൊറോട്ടയും കറിയും അല്ലെങ്കില്‍ നാല് ചപ്പാത്തിക്കും കറിയ്ക്കും 10 രൂപ വര്‍ധിച്ച് 55 രൂപയായി. ഒരു ചപ്പാത്തിക്ക് അഞ്ച് രൂപയും ഒരു പൊറോട്ടക്ക് 10 രൂപയും തുടരും. മെധുവട, മസാലവട, സമൂസ (രണ്ടെണ്ണം) 25 രൂപയില്‍നിന്ന് 30 രൂപയായി. ഇടിയപ്പത്തിന് (രണ്ടെണ്ണം) 20 രൂപയും കടലക്കറിക്ക് 45 രൂപയുമായി. മറ്റു ഇനങ്ങളായ ചിക്കന്‍ ഫ്രൈഡ് റൈസിന് (200 ഗ്രാം) 105 രൂപയും മുട്ട ഫ്രൈഡ് റൈസിന് (200 ഗ്രാം) 80 രൂപയും വെജ് ഫ്രൈഡ് റൈസിന് (200 ഗ്രാം) 65 രൂപയും ചില്ലി ചിക്കന് (100 ഗ്രാം) 125 രൂപയും ഈടാക്കും.

സുഖിയന് നേരത്തെ 30 രൂപയായിരുന്നു. പുതിയ വില 10 രൂപ വര്‍ധിപ്പിച്ച് 40 രൂപയായി. ഫ്രൈ പത്തിരി / നെയ്യപ്പം എന്നിവക്ക് 25 രൂപയായി. മുമ്പ് 20 രൂപയായിരുന്നു. ഉണ്ണിയപ്പം / കപ്പ ഫ്രൈ വിത്ത് പപ്പടം / ബൂളി: 20 രൂപ, പഴംപൊരി, അരിപ്പത്തിരി, ഇലയട: വില മാറ്റമില്ലാതെ യഥാക്രമം 20 രൂപ, 15 രൂപ, 25 രൂപ നിരക്കുകളില്‍ തുടരും. ഫിഷ് കറി മീല്‍സ്: 95 രൂപയില്‍ നിന്ന് 110 രൂപയായി ഉയര്‍ന്നു. ഓമ്ലെറ്റ്: 35 രൂപയില്‍ നിന്ന് 45 രൂപയായി. പുഴുങ്ങിയ മുട്ട (1 എണ്ണം): 15 രൂപയില്‍ നിന്ന് 20 രൂപയായി. ലെമണ്‍ റൈസ് / തൈര് സാദം: 35 രൂപ. ചപ്പാത്തി (5 രൂപ), പൊറോട്ട (10 രൂപ): വിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു.

Content Highlight: Railway stations have revised prices for 60 food items, increasing the cost of various food products available to passengers

To advertise here,contact us