കേരളത്തെ ഇരുട്ടിലാക്കി, മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല; വിമർശിച്ച് എം എം മണി

അവരുടെ കഴിവുകേടും വിഡ്ഢിത്തവും ജനങ്ങളോട് കൂറില്ലായ്മയും കാരണമാണ് പവര്‍കട്ടൊക്കെ വരുന്നതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൊച്ചി: വൈദ്യുതി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി. വെദ്യുതി മന്ത്രിക്കും വി ഡി സതീശനും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ വിഷയത്തില്‍ ധാരണ വേണമെന്ന് എം എം മണി വിമർശിച്ചു. റിപ്പോര്‍ട്ടറിന്റെ പൊളിയൂത്തില്‍ സംസാരിക്കുകയായിരുന്നു മുൻ വൈദ്യുതി മന്ത്രി കൂടിയായ എം എം മണി.

വൈദ്യുതി ഇല്ലെങ്കില്‍ വാങ്ങാന്‍ കിട്ടുമെന്നും അങ്ങനെ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും അല്ലാതെ കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കഴിവുകേടും വിഡ്ഢിത്തവും ജനങ്ങളോട് കൂറില്ലായ്മയും കാരണമാണ് പവര്‍കട്ടൊക്കെ വരുന്നതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഭരിക്കുന്നവര്‍ക്ക് കാഴ്ചപ്പാടില്ലാത്തതിന്റെ പ്രശ്‌നമാണ്. ഇതൊന്നുമില്ലാത്തെ നെഞ്ചത്തടിച്ച് കരയാനാണെങ്കില്‍ ഭരിക്കാനെന്തിനാണ് വന്നതെന്നും സ്ഥാനം രാജിവെച്ചിട്ട് വേറെ പണി നോക്കട്ടെ, പറ്റുന്നവരെ ഏല്‍പ്പിക്കട്ടെയന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.

എം എം മണിയുടെ വാക്കുകള്‍

വൈദ്യുതി മന്ത്രി മഴയില്ല, തേങ്ങയില്ല എന്നൊന്നും പറയുന്നതില്‍ കാര്യമില്ല. കേരളത്തില്‍ ആവശ്യമുള്ള വൈദ്യുതിയുടെ 40ശതമാനമേ നമ്മള്‍ ഉണ്ടാക്കുന്നുള്ളൂ. കാരണം അതിനുള്ള വെള്ളമേ ഉള്ളൂ. 60% കരാര്‍ വെച്ചായിരുന്നു വാങ്ങിയിരുന്നത്. എന്നിട്ടാണ് ഇവിടെ സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയത്. കേരളത്തില്‍ വൈദ്യുതി എത്താത്ത വീടും സ്ഥാപനവും ഉറപ്പാക്കിയതാണ് പിണറായി സര്‍ക്കാര്‍. ഞാനന്ന് മന്ത്രിയാണ്. എല്ലാ ജില്ലയിലും ഞാന്‍ പോയി പ്രവര്‍ത്തനം നടത്തി. ആ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി ഇല്ലെന്ന് പറഞ്ഞാല്‍ കാഴ്ചപ്പാടില്ലായ്കയാണ്. ഇവിടെ ആവശ്യത്തിന് വൈദ്യുതി ഉണ്ടാക്കുന്നില്ല. വിലയ്ക്ക് വാങ്ങുന്നു. വൈദ്യുതി മന്ത്രിക്കും വി ഡി സതീശനും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ ഇതിനെപ്പറ്റി ധാരണ വേണം. ഇല്ലെങ്കില്‍ വാങ്ങാന്‍ കിട്ടും. വാങ്ങി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണം. അതാണിപ്പോൾ ചെയ്യേണ്ടത്.

അല്ലാതെ കേരളത്തെ ഇരുട്ടിലാക്കി, മഴയില്ല,മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവരുടെ കഴിവുകേടും വിഡ്ഢിത്തവും ജനങ്ങളോട് കൂറില്ലായ്മയും കാരണമാണ് പവര്‍കട്ടൊക്കെ വരുന്നതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ ഭരിക്കുന്നവര്‍ക്ക് കാഴ്ചപ്പാടില്ലാത്തതിന്റെ പ്രശ്‌നമാണ്. ഇതൊന്നുമില്ലാത്തെ നെഞ്ചത്തടിച്ച് കരയാനാണെങ്കില്‍ ഭരിക്കാനെന്തിനാണ് വന്നത്. സ്ഥാനം രാജിവെച്ചിട്ട് വേറെ പണി നോക്കട്ടെ, പറ്റുന്നവരെ ഏല്‍പ്പിക്കട്ടെ.

Content Highlights: mm mani criticizes kerala government over power crisis electricity shortage

To advertise here,contact us