തിരുവനന്തപുരം: പവര്‍കട്ടില്‍ വലഞ്ഞ് ജനം. രാവിലെ മുതല്‍ പലസമയത്തായി ഉണ്ടാകുന്ന അപ്രതീക്ഷിത പവര്‍ക്കട്ടില്‍ ഉപജീവനം പോലും മുടങ്ങുന്ന സാഹചര്യത്തിലെത്തിയതോടെ കെഎസ്ഇബിക്കും സര്‍ക്കാരിനുമെതിരെ പ്രതിഷേധം വ്യാപകമായി. പകല്‍ സമയത്തെ കനത്ത ചൂടില്‍ വലയുന്ന ജനത്തിന് ഇരുട്ടടിയാവുകയാണ് ഇടവിട്ടുള്ള കറന്റ് കട്ട്.
കേരളം ഇരുണ്ടകാലത്ത് എന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ഓഫീസുകളിലേക്ക് ഇന്ന് ഡിവൈഎഫ്ഐ ചൂട്ട് കത്തിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം കൊല്ലം തെന്മലയില് കെഎസ്ഇബിക്ക് മുന്നില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ സംഘടിപ്പിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ വേറിട്ട പ്രതിഷേധം. പവര്‍ കട്ട് ഇതുപോലെ തുടര്‍ന്നാല്‍ ഇനിയും പ്രതിഷേധങ്ങള്‍ ശക്തമായേക്കുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പവര്‍ക്കട്ടില്‍ പലതരത്തിലാണ് ആളുകള്‍ ബുദ്ധിമുട്ടിലായത്. ഇന്‍സ്റ്റഗ്രാമില്‍ 80കളുടെ ട്രെന്‍ഡ് ആണെങ്കില്‍ വീടുകളില്‍ മെഴുകുതിരി കത്തിച്ച തങ്ങള്‍ യഥാര്‍ത്ഥത്തില്‍ 80കളിലേക്ക് പോയി സമാന ട്രെന്ഡിനൊപ്പമാണെന്ന് ജനം പരിഹസിക്കുന്നു. പുതിയ ജനറേഷനെ സംബന്ധിച്ച് പവര്‍ക്കട്ട് 'വിചിത്രമായ' അനുഭവം കൂടിയാണ്.
അതേസമയം പവര്‍ക്കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശം എത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസേജിലൂടെ അറിയാനാകും. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്റ്റേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആദ്യഘട്ടം തിരുവനന്തപുരത്താകും ഇത് നടപ്പിലാക്കുക. എന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നതായി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. അതിനിടെ സര്‍ക്കാരിന്റെ ഭാഗത്ത് എകോപന കുറവുണ്ടായെന്ന മുന്‍ മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വിമര്‍ശനത്തിന് കഴിഞ്ഞ കരാര്‍ റദ്ദാക്കിയത് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി.
Content Highlights: Unexpected power cuts at different times since morning have disrupted livelihoods and led to growing protests against KSEB and the Kerala government