രാഷ്ട്രീയ സ്വാധീനത്തില്‍ ഇടതുപക്ഷം പിന്നോട്ട് പോയി, ശുദ്ധീകരണം CPIMനകത്തും ആവശ്യം; പി ജയരാജന്‍

തെറ്റായ പ്രവണതയ്ക്ക് വിധേയരായ ആളുകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടെങ്കില്‍ പരിശോധിക്കുക, തിരുത്തുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു

കണ്ണൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുടെ വാദം ഏറ്റെടുക്കാതെ സിപിഐഎം നേതാവ് പി ജയരാജന്‍. നേതൃത്വം അംഗങ്ങളോട് പറഞ്ഞത് സ്വതന്ത്രവും ഉള്ള് തുറന്ന ചര്‍ച്ചയും നടത്തണമെന്നാണ്. മനസ്സില്‍ അടിഞ്ഞുകൂടിയ സംശയങ്ങളാണ് പാര്‍ട്ടി അംഗങ്ങള്‍ തുറന്നടിച്ചത്. ഈ പ്രക്രിയ നടന്നതുകൊണ്ടാണ് കേന്ദ്ര കമ്മിറ്റി രേഖ അംഗീകരിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അവിടെയും അവസാനിക്കുന്നില്ല. കേന്ദ്ര കമ്മിറ്റി രേഖ അടിസ്ഥാനത്തില്‍ തെറ്റുകള്‍, പോരായ്മകള്‍, തെറ്റായ പ്രവണതകള്‍ അതിനെതിരെ ഉള്‍പ്പാര്‍ട്ടിയില്‍ ചര്‍ച്ചയും നടന്നു. അത് ഇനിയും നടക്കാന്‍ പോവുകയാണ്. ശുദ്ധീകരണം സിപിഐഎമ്മിനകത്തും ആവശ്യമാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിലാണ് പി ജയരാജന്റെ പ്രതികരണം.

തെറ്റായ പ്രവണതയ്ക്ക് വിധേയരായ ആളുകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടെങ്കില്‍ പരിശോധിക്കുക തിരുത്തുക എന്നതാണ് പ്രധാനം. ഈ പ്രക്രിയ പാര്‍ട്ടിക്ക് അകത്ത് ഇനിയും തുടരുമെന്നും അതിന്റെ ഭാഗമാണ് വിശാല സംസ്ഥാന സമിതി യോഗം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം കൂടി കേട്ടുകൊണ്ട് തെറ്റുതിരുത്തുകയാണ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനുള്ള വഴി. രാഷ്ട്രീയ സ്വാധീനത്തില്‍ ഇടതുപക്ഷം പുറകോട്ട് പോയിരിക്കുന്നു എന്നും എന്തുകൊണ്ട് എന്ന് പരിശോധിക്കണമെന്നും പി ജയരാജന്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ സ്വാധീനത്തില്‍ ഇടതുപക്ഷം പുറകോട്ട് പോയതിന് ഒരു കാരണം വര്‍ഗീയ ശക്തികള്‍ പരസ്പരം സഹായിച്ചതാണെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. രണ്ടാമത്തെ ഭാഗം ഇടതുപക്ഷം സ്വയം പരിശോധിക്കേണ്ടതാണ് ജയരാജന്‍ വ്യക്തമാക്കി. വികസന നേട്ടങ്ങള്‍ ഉണ്ടാക്കിയത് കൊണ്ട് മാത്രം രാഷ്ട്രീയ മാറ്റം ഉണ്ടാകില്ല. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബിജെപിയുടെയും കൂടെ നില്‍ക്കുന്നവരെ ഒപ്പം കൂട്ടാനുള്ള രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ പോരായ്മ വന്നിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. ജനങ്ങള്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും തെറ്റിദ്ധാരണ ഉണ്ടായെന്നും അതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്നുമായിരുന്നു പയ്യന്നൂരും തളിപ്പറമ്പിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിണറായി വിജയന്‍ വിശദീകരിച്ചത്.

Content Highlights: CPI(M) leader P Jayarajan has differed with Pinarayi Vijayan’s explanation of the party’s election defeat, saying members were encouraged to hold open and independent discussions. He said accumulated doubts and shortcomings were discussed based on the Central Committee document and stressed that organisational correction is also needed within the CPI(M).

To advertise here,contact us