തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം തള്ളി പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ഇസ്ലാമില്‍ ലിംഗ വിവേചനമില്ലെന്നും സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചത്തെ ജുമാ പ്രംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്ലാം ഒരിക്കലും സ്ത്രീകളുടെ സാമൂഹിക ഇടപെടലുകള്‍ക്കോ പൊതുപങ്കാളിത്തത്തിനോ ഒരുനിലയ്ക്കും എതിരല്ലെന്ന്. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതില്‍ ഇസ്ലാമില്‍ തടസ്സങ്ങളില്ലെന്നും പാളയം ഇമാം വ്യക്തമാക്കി. പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധത്തില്‍ പങ്കെടുത്തിരുന്നെന്നും യുദ്ധം നയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനയായ ഐഎസ്എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹിയും രംഗത്തെത്തി. പ്രസ്താവന കാന്തപുരം തിരുത്തണമെന്ന് ഷുക്കൂര്‍ ആവശ്യപ്പെട്ടു.
സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്ലാം പറയുന്നില്ല. കാന്തപുരം വിഭാഗം പുലര്‍ത്തുന്ന സങ്കുചിത നിലപാടുകളുടെ തുടര്‍ച്ചയാണ് പ്രസ്താവന. സംഘടന നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ശ്രമം നടക്കുന്നത്.ആദ്യ പ്രസംഗത്തിലെ നിലപാട് കാന്തപുരം തിരുത്തിയിട്ടില്ല. നിലപാട് തിരുത്താതെ സ്ത്രീകളെ പരിഗണിക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാം. തിരുത്തേണ്ടത് മുഖ്യമന്ത്രിയല്ല, കാന്തപുരമാണെന്നും ഷുക്കൂര്‍ സ്വലാഹി പറഞ്ഞു. മുസ്ലിം ലീഗ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനൊപ്പമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് ഇറക്കിയ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്ക്കിടയില് വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്.
പരാമര്‍ശത്തില്‍ നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ കാന്തപുരം നിലപാട് വിശദീകരിക്കുമെന്ന് വിവരമുണ്ട്. മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയും. ഇന്നലെ തൃശൂര്‍ സമ്മേളനത്തില്‍ കാന്തപുരം നിലപാട് മയപ്പെടുത്തിയിരുന്നു.
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്ലാം അങ്ങനെ പറയുന്നില്ലെന്നുമാണ് കാന്തപുരം ഇന്നലെ പറഞ്ഞത്. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്കി എന്ന് പറയുന്നത് ശരിയല്ല. പെണ്‍കുട്ടികള്‍ക്ക് മാത്രമായി മദ്രസയും സ്കൂളുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായി ധാരാളം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് വേറെയും ആണ്‍കുട്ടികള്‍ക്ക് വേറെയുമായി സ്ഥാപനങ്ങള്‍ ഉണ്ടാക്കി. അനാഥരായ പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നുണ്ട്. ഭക്ഷണം വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും കാന്തപുരം തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.
Content Highlights: palayam imam vp suhaib maulavi rejects kanthapuram remarks on women