കാസര്‍കോട് തൂഫാന്‍ കേസ്; പ്രതി മുഹമ്മദ് ഹുസൈന്റെ ഫോണ്‍ സിഡിആര്‍ പരിശോധിച്ച് പൊലീസ്

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിയുടെ സിഡിആര്‍ പരിശോധനയിലേക്ക് കൂടി പൊലീസ് കടന്നിരിക്കുന്നത്

തിരുവനന്തപുരം: വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്ന ആള്‍ പ്രതിയായ കാസര്‍കോട് എംഡിഎംഎ കേസില്‍ പൊലീസിന്റെ നിര്‍ണായക നീക്കം. മുഹമ്മദ് ഹുസൈന്റെ സിഡിആറിലെ വിവരങ്ങള്‍ നിര്‍ണായകമായതിനാല്‍ അതില്‍ പരിശോധന തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രതികളുടെ വാട്‌സ്ആപ്പ് ചാറ്റുകളും നിര്‍ണായകമാകും.

എന്നാല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല. മുഹമ്മദ് ഹുസൈന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മുഹമ്മദ് ഹുസൈനും വി ഡി സതീശനുമായുള്ള ബന്ധം പൊലീസിന് നേരത്തെ അറിയാമായിരുന്നതായാണ് സൂചന. അന്വേഷണ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം ഉണ്ടെന്നാണ് വിവരം.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിയുടെ സിഡിആര്‍ പരിശോധനയിലേക്ക് കൂടി പൊലീസ് കടന്നിരിക്കുന്നത്. ഇതുവരെ കേസില്‍ എട്ട് പേരെയാണ് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ഒരു നൈജീരിയന്‍ സ്വദേശി അടക്കം കേരളത്തിന് പുറത്തുള്ള മൂന്ന് പേരും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതി മുഹമ്മദ് ഹുസൈന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കമുള്ളവരോടൊപ്പമുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ എംഡിഎംഎ വില്‍പ്പനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. സിഡിആറിന്റെ വിവരങ്ങളും അന്വേഷണത്തിന്റെ വിവരങ്ങളും മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശവുമുണ്ട്

ഉന്നത രാഷ്ട്രീയ നേതാക്കളുമായി പ്രതി ഫേണില്‍ സംസാരിച്ചിരുന്നോ എന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്ത് വരാനുണ്ട്. വാട്‌സാപ്പ് ചാറ്റുകളും നിര്‍ണായകമാണ്. പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനാല്‍ തന്നെ ഇത്തരം വിവരങ്ങള്‍ അത്ര പെട്ടെന്ന് പുറത്ത് വരാന്‍ സാധ്യത ഇല്ലെന്നാണ് വ്യക്തമാകുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതില്‍ അടക്കം റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. പ്രതികളെ പിടികൂടുന്നതിന് മുമ്പ് തന്നെ പ്രതി മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രി വി ഡി സതീശനുമായി ബന്ധമുണ്ടായിരുന്നു എന്ന് പൊലീസിന് അറിയാമായിരുന്നു എന്നും വിവരമുണ്ട്.

Content Highlights: Police are reportedly continuing to examine the call detail records and WhatsApp chats of Muhammad Hussain, an accused in the Kasaragod MDMA case who is reported to have claimed a connection with V D Satheesan’s social media team. Police have not disclosed the call details, while questions are being raised over whether his political connections are being examined as part of the investigation.

To advertise here,contact us