മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞ സംഭവം; ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്യാൻ കെപിസിസി അനുമതി

നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ ഡിസിസി അംഗം ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്യും. അച്ചടക്ക നടപടിക്ക് കെപിസിസി അനുമതി നല്‍കി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടെടുത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒറ്റവാക്കില്‍ പ്രതികരണം ഒതുക്കി. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന തിരുവനന്തപുരം ഡിസിസി അംഗമാണ് ചേന്തി അനില്‍

മുഖ്യമന്ത്രിയെ തടഞ്ഞ നിര്‍ത്തിയാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയിലേക്ക് തന്നെയും ക്ഷണിച്ചിരുന്നുവെന്നും പിന്നീട് പരിപാടി റദ്ദാക്കിയതായി വിവരം ലഭിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്തില്ല എന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കില്ല എന്നാണ് അറിയിപ്പ് ലഭിച്ചത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയാകുമ്പോള്‍ കുറച്ചുകൂടി വിജിലന്റ് ആകണം. ഒരു പരിപാടി വന്നാല്‍ ഉടനെ തന്നെ തങ്ങള്‍ ഏല്‍ക്കാറില്ലെന്നും മന്ത്രി പറഞ്ഞു.

ചേന്തി അനിലിനെതിരെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നു. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ എത്തിയതായും കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പോലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. പ്രതി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ആളന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം ചേന്തി അനിലിന്റെ അറസ്റ്റിന് വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 1 കോടതി നടപടികള്‍ തുടങ്ങി.

അതേസമയം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഗുരുതര ആരോപണവുമായി ചേന്തി അനില്‍ രംഗത്തെത്തിയിരുന്നു. ഇത് പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയെന്നായിരുന്നു ചേന്തി അനിലിന്റെ ആരോപണം. ജാമ്യത്തിന് വേണ്ടി പോകുകയല്ലേ എന്നും ഇത് പാര്‍ട്ടിക്ക് അകത്തുള്ള ഗ്രൂപ്പ് കളിയാണെന്നുമാണ് ചേന്തി അനില്‍ പറഞ്ഞത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറക്കിയപ്പോഴായിരുന്നു പ്രതികരണം.

ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയത്. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞു. എല്ലാ വര്‍ഷങ്ങളിലും ചെമ്പഴന്തിയില്‍ എത്തുന്ന മുഖ്യമന്ത്രിമാര്‍ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.

Content Highlights: Congress DCC member Chenthi Anil is set to face suspension for allegedly stopping Chief Minister V D Satheesan on the road, with the KPCC approving disciplinary action.

To advertise here,contact us