ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരെ നടത്തിയ അധിക്ഷേപ പരമാര്‍ശത്തിലാണ് കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്. തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ദീപ്തി പരാതി നല്‍കുകയായിരുന്നു.

നേരത്തെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ധന്യക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാകും വിധം വാഹനവുമായി കടന്നുകളഞ്ഞെന്നായിരുന്നു എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി ധന്യ രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരു ബിയറാണ് താന്‍ കുടിച്ചതെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയതെന്നുമായിരുന്നു ധന്യയുടെ വിശദീകരണം.

Content Highlights: Helen of Sparta is facing another case over alleged derogatory remarks against Deepthi Kalyani. The latest complaint adds to the legal proceedings surrounding the controversial remarks.

To advertise here,contact us