ന്യൂഡൽഹി: ടി പി ചന്ദ്രശേഖരന് വധക്കേസിലെ അഭിഭാഷകനെ മാറ്റാന്‍ തീരുമാനം. പിണറായി വിജയന് സര്‍ക്കാറിന്റെ കാലത്ത് സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയര്‍ അഭിഭാഷകന് പി വി ദിനേശനെ ആണ് മാറ്റുന്നത്. പകരം സുപ്രീംകോടതിയിലെ മറ്റൊരു മുതിർന്ന അഭിഭാഷകനെ നിയോഗിക്കും. മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് സിദ്ധാര്‍ഥ് ലൂത്ര എന്നിവരില്‍ ഒരാളെ കേസില്‍ ഹാജരാക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം.
മുന്‍ പിണറായി വിജയന് സര്‍ക്കാറിന്റെ കാലത്ത് ടി പി വധക്കേസിലെ പ്രതികളുടെ അഭിഭാഷകരും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരും തമ്മില്‍ പരസ്യമായി ഒത്തുകളിക്കുന്നുവെന്നും സര്‍ക്കാരിന്റെ വീഴ്ചകള്‍ പ്രതികള്‍ക്ക് സഹായകരമാകുന്നു എന്നും കെ കെ രമ കടുത്ത ആരോപണം ഉന്നയിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ സുപ്രീം കോടതിയില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകരെ കേസ് ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി കെ കെ രമ സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി ഉള്‍പ്പെടെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. 13 വര്‍ഷത്തില്‍ അധികമായി ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്കിയ ജാമ്യ ഹര്‍ജി വേഗത്തില്‍ കേള്‍ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം.
എന്നാല്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് കെ കെ രമ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മൂന്ന് ആഴ്ചത്തേക്ക് മാറ്റിയത്. രണ്ട് ആഴ്ചക്കുള്ളില്‍ മറുപടി നല്കാന് രമയോട് കോടതി നിര്‍ദേശിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാരിനായി സ്റ്റാഡിംഗ് കോണ്‍സല്‍ സുല്‍ഫിക്കര്‍ അലി പി എസ് ഹാജരായി.
Content Highlight : Lawyer for the accused in the T.P. murder case replaced