എ എന്‍ ഷംസീറിനെതിരായ പരാമര്‍ശം ശുദ്ധ അസംബദ്ധം; വെള്ളാപ്പള്ളി നടേശനെ തള്ളി എം വി ഗോവിന്ദന്‍

വെള്ളാപ്പള്ളിയുടേത് വര്‍ഗീയ നിലപാടാണോയെന്ന ചോദ്യത്തോട് ആലോചിച്ച് പറയാം എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി

തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഷംസീറിനെതിരായ പരാമര്‍ശം ശുദ്ധ അസംബദ്ധമാണെന്നും ഷംസീര്‍ ദീര്‍ഘകാലം പാര്‍ട്ടി ചുമതല വഹിച്ചയാളാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പേര് പറഞ്ഞുള്ള ആരോപണം അംഗീകരിക്കാന്‍ ആവില്ലെന്നും എം വി ഗോവിന്ദന്‍ വിമർശിച്ചു.

'കേന്ദ്ര കമ്മിറ്റി അംഗത്തോട് ഇപ്പോള്‍ പറഞ്ഞതുപോലുള്ള 'ലീഗീന്റെ പ്രയോഗം' ഒന്നും നടത്താന്‍ കഴിയുന്ന ഒന്നല്ല. അത് അംഗീകരിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത്. പാര്‍ട്ടി ശക്തമായി എതിര്‍ക്കും. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഞങ്ങളില്‍ ക്രിസ്ത്യനും മുസ്ലീമും ഒന്നുമില്ലാത്തവരുമുണ്ട്. ഒരു മതത്തിലും പെടാത്തവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. ഇതെല്ലാം ചേര്‍ന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആരെയെങ്കിലും ഒരാളെ അദ്ദേഹത്തിന്റെ പേര് വെച്ച് കൈകാര്യം ചെയ്യുന്നത് ലീഗിന്റെ നിലപാട് ആണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍റേത് വര്‍ഗീയ നിലപാടാണോയെന്ന ചോദ്യത്തോട് ആലോചിച്ച് പറയാം എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. മുസ്ലിം ലീഗിന് വര്‍ഗീയമായ നിലപാട് സ്വീകരിക്കുന്ന സമീപനം ഉണ്ട്. അല്ലാതെ വര്‍ഗീയ പാര്‍ട്ടിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട പാര്‍ട്ടിയല്ല മുസ്ലിം ലീഗ് എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എ എന്‍ ഷംസീര്‍ ലീഗുകാരനാണെന്നും കമ്മ്യൂണിസ്റ്റുകാരനല്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല. ലീഗ് മനസാണ്. പിണറായിയെ പോലുള്ളവര്‍ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളില്‍ എത്തിയത്. ഷംസീര്‍ ചുളുവിലാണ് അധികാരത്തില്‍ എത്തിയതെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചിരുന്നു.

Content Highlights: CPIM state secretary M V Govindan has rejected SNDP Yogam general secretary Vellappally Natesan's remarks against former Speaker A N Shamseer

To advertise here,contact us