കൊച്ചി: കേരളം മെട്രോ റെയില്‍ എന്ന് പേരുമാറ്റിയാല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് ഹൈബി ഈഡൻ എംപി. ഒരു ബ്രാന്‍ഡ് ഐഡന്റിറ്റി ആയി കെഎംആര്‍എല്‍ വളര്‍ന്നു കഴിഞ്ഞു. അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഹൈബി ഈഡന് ആരോപിച്ചു. കൊച്ചി മെട്രോയുടെ പേര് മാറ്റത്തില്‍ മുഖ്യമന്ത്രി സർക്കാരിൻ്റെ നിലപാട് അറിയിച്ചതായും, അതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെട്ടതായും ഹൈബി ഈഡന് എംപി കൂട്ടിച്ചേർത്തു.
കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശക്കെതിരെ എതിര്‍പ്പുമായി ഹൈബി ഈഡന് എം പി മുഖ്യമന്ത്രി വി ഡി സതീശന് നേരത്തെ കത്തയച്ചിരുന്നു. കേരളം മെട്രോ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം വിചിത്രമാണെന്ന് ഹൈബി ഈഡന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കും എന്നാണ് കരുതുന്നത്. മറ്റ് ആശങ്കകള്‍ക്കൊന്നും അടിസ്ഥാനം ഇല്ലെന്നും ഹൈബി ഈഡന് പറഞ്ഞു. കൊച്ചി മെട്രോയുടെ പേര് മാറ്റാന്‍ ശുപാര്‍ശ നല്‍കിയത് കേന്ദ്ര സര്‍ക്കാരിൻ്റെ മാര്‍ഗനിര്‍ദേശ പ്രകാരമെന്ന് കെഎംആര്‍എല്‍ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം നിര്‍ദ്ദേശം മുന്നോട്ടു വച്ചതായി അറിവില്ലെന്ന് എംപി പറഞ്ഞു.
ഒരു സംസ്ഥാനത്ത് ഒന്നിലധികം മെട്രോ പദ്ധതികള്‍ നടപ്പിലാക്കുകയാണെങ്കില്‍ കമ്പനി, സംസ്ഥാനത്തിൻ്റെ പേരില്‍ അറിയപ്പെടണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം. മെട്രോയുടെ പേരുമാറ്റത്തില്‍ നടക്കുന്ന വിവാദങ്ങള്‍ തെറ്റിദ്ധാരണയെ തുടര്‍ന്നുള്ളതെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം. നിലവില്‍ കൊച്ചി മെട്രോയുടെ പേര് തുടരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രമാണ് പേരുമാറ്റുക എന്നും കെഎംആര്‍എല്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്ന പേര് മാറ്റി കേരളം മെട്രോ റെയില്‍ ലിമിറ്റഡ് എന്നാക്കണമെന്ന കെഎംആര്‍എല്ലിൻ്റെ ശുപാര്‍ശയാണ് വിവാദമായത്. കെഎംആര്‍എല്‍ എം ഡി ലോക്നാഥ് ബഹ്റയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്. കൊച്ചിക്ക് പുറമേ സംസ്ഥാനമൊട്ടാകെ നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടാണ് കെഎംആര്‍എല്‍ പേര് മാറ്റത്തിനായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. കോഴിക്കോട് തിരുവനന്തപുരം മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആര്‍എല്ലിനാണ്. പേര് മാറ്റത്തിന് ശുപാര്‍ശ നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights: Hibi Eden says concerns over the proposed Kochi Metro name change have been resolved, while KMRL maintains that the existing name will continue for now