ഒടുവില്‍ മുഖ്യമന്ത്രി വഴങ്ങി; മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം

സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് മാസത്തിനുപ്പുറമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയായത്

തിരുവനന്തപുരം: വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി. സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് മാസത്തിന് ശേഷമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയായത്. മന്ത്രി നിര്‍ദ്ദേശിച്ച ശരത് ചന്ദ്രനെ തന്നെയാണ് പിഎസ് ആയി നിയമിച്ചിരിക്കുന്നത്. ശരത് ചന്ദ്രന്റെ നിയമനം സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രി ബിന്ദു കൃഷ്ണ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു. ഓഫീസ് വഴി മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെ നേരിട്ടും ബിന്ദു കൃഷ്ണ മുഖ്യമന്ത്രിയെ ആവശ്യം അറിയിച്ചു. എന്നിട്ടും മുഖ്യമന്ത്രി വഴങ്ങിയില്ല.

വാര്‍ത്താസമ്മേളനത്തില്‍ പലതവണ മാധ്യമപ്രവര്‍ത്തകര്‍ പിഎസ് ആകാത്തതിനെ കുറിച്ച് ബിന്ദു കൃഷ്ണയോട് ചോദ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ മന്ത്രി മറുപടി നല്‍കിയിരുന്നില്ല. സംഭവം വിവാദമായതോടെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്.

സെക്രട്ടേറിയറ്റില്‍ സ്‌പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രന്‍. കെ സി വേണുഗോപാല്‍ എംഎല്‍എയായിരുന്നു കാലത്ത് പിഎയായും മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫുമായിരുന്നു. കെ സി വേണുഗോപാലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ മന്ത്രിയുടെ പിഎസ് ആയി വരുന്നതില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണ് ശരത്തിന്റെ നിയമനത്തിന് അനുമതി നല്‍കാത്തതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlights- Sarath Chandran has been appointed as the private secretary to Kerala Minister Bindu Krishna. The appointment had remained pending for about three months after Bindu Krishna recommended Chandran for the post

To advertise here,contact us