DYFI നേതൃത്വത്തിലേക്ക് ആരെല്ലാം? ഭാരവാഹി പട്ടികയില്‍ മാറ്റത്തിന് സാധ്യത

ഭാരവാഹികളാകുന്നവര്‍ക്ക് 38 വയസ്സ് എന്ന പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണമെന്ന ആവശ്യം പാര്‍ട്ടിക്ക് മുന്നിലുണ്ട്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ഭാരവാഹി പട്ടികയില്‍ മാറ്റം വന്നേക്കും. നിലവില്‍ ഭാരവാഹികളായി തീരുമാനിച്ചിരിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ മാറുമെന്നാണ് സൂചന. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍, രാഹുല്‍ എന്നിവരെയാണ് ഭാരവാഹികളായി ഫ്രാക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്.

ഭാരവാഹികളാകുന്നവര്‍ക്ക് 38 വയസ്സ് എന്ന പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണമെന്ന ആവശ്യം പാര്‍ട്ടിക്ക് മുന്നിലുണ്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്ത ജെറോം, സെക്രട്ടറിയായി എം വിജിന്‍, ട്രഷറര്‍ സ്ഥാനത്തേക്ക് ആര്‍ രാഹുല്‍ എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ഒരാളുടെ പേരില്‍ മാറ്റം വന്നേക്കുമെന്നാണ് വിവരം.

ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശ്ശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 2022ല്‍ പത്തനംതിട്ടയില്‍ വെച്ച്‌ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് വി കെ സനോജും വി വസീഫും ചുമതലയേറ്റത്.

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായിരുന്ന ചിന്ത വിദ്യാര്‍ത്ഥികാലം മുതല്‍ പാര്‍ട്ടിയില്‍ സജീവമാണ്. കല്ല്യാശ്ശേരിയില്‍ നിന്നും രണ്ടാം തവണയാണ് വിജിന്‍ എംഎല്‍എയാവുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വിജിന്‍ എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights: Changes are expected in the DYFI office-bearer list as the organisation prepares to finalise its new state leadership structure

To advertise here,contact us