മുഖ്യമന്ത്രിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്; 5000 രൂപ ലഭിക്കുമെന്ന വ്യാജവാഗ്ദാനത്തില്‍ ഇരയായി യുവാവ്

സംഭവത്തില്‍ ആലുവ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്. 'ധന്‍ ധന്‍ യോജന പദ്ധതി' എന്ന പേരില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനെയാണ് പണം തട്ടിയത്. വ്യാജ വാഗ്ദാനം വിശ്വസിച്ച യുവാവിന് പണം നഷ്ടമായി. വടക്കേക്കര സ്വദേശിയ്ക്ക് 2,499 രൂപയാണ് നഷ്ടമായത്. സംഭവത്തില്‍ ആലുവ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പദ്ധതിയിലൂടെ 5000 രൂപ ലഭിക്കുമെന്ന ഇന്‍സ്റ്റഗ്രാം പരസ്യത്തില്‍ വിശ്വസിച്ച യുവാവ് കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. തട്ടിപ്പിന് ഇരയായെന്ന് മനസിലായതോടെ ഇയാള്‍ പറവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പരാതി ആലുവ സൈബര്‍ പൊലീസിന് കൈമാറിയത്.

ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു. വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് വിവരങ്ങളുള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ നല്‍കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights: A youth became a victim of a cyber fraud using the Chief Minister’s name after scammers falsely promised Rs 5,000 financial assistance.

To advertise here,contact us