കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ അംഗങ്ങള്‍. രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന ആവശ്യവുമായി വനിതാ അംഗങ്ങള്‍ രജിസ്ട്രാർക്ക് കത്തയച്ചു. അന്‍സിബ ഹസ്സന്, മാലാ പാര്‍വതി, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവരാണ് രജിസ്ട്രാര്‍ക്ക് കത്തയച്ചത്. 1955-ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ, ശാസ്ത്ര, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന് ആക്റ്റിലെ സെക്ഷന്‍ 19 പ്രയോഗിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജിവെച്ചുപോയവര്‍ തിരികെ വന്നത് നിയമവിരുദ്ധവും ബൈലോകള്‍ക്ക് വിരുദ്ധവുമാണെന്നും കത്തില്‍ പറയുന്നുണ്ട്. രജിസ്ട്രാര്‍ ഓഫീസില്‍ നല്കിയ യോഗ മിനുറ്റ്സ് യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും കത്തില്‍ പറയുന്നു. മിനുറ്റ്സിന്റെ ആധികാരികതയില്‍ ആശങ്കയുണ്ട്. ജുഡീഷ്യല്‍ ഫോറങ്ങള്‍ക്ക് മുന്പില് വ്യാജ രേഖകള്‍ നല്കാന് സാധ്യതയുണ്ട്. ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.
ആറുകോടി രൂപ ബാലന്‍സ് ഉള്ള അസോസിയേഷന്റെ ചെക്ക് ലീഫുകള്‍ നിയവിരുദ്ധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെക്കുകള്‍ പാസാക്കരുത്. ബാങ്ക് ഇടപാടുകള്‍ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Content Highlights- Women members of the film artists' association have sought the introduction of Registrar-led administration amid the ongoing internal dispute