കൊല്ലം: അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് മകന് പൂജ ചെയ്തു. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. ആര്‍പിഎല്‍ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ചിന്നത്താമ(90)യുടെ മൃതദേഹമാണ് മകന് കൃഷ്ണസ്വാമി പൂജിച്ചത്. മൂന്നുദിവസത്തോളം ഇയാള്‍ മൃതദേഹം വീട്ടിൽ സൂക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അമ്മ മരിച്ചതിൽ പിന്നെ മകൻ വീടിനകത്തേക്ക് ആരെയും കയറാൻ അനുവദിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ കൃഷ്ണസ്വാമിയുടെ മകളും പേരക്കുട്ടിയും വീട്ടിലേക്ക് വന്നപ്പോഴാണ് മൃതദേഹം കാണുന്നത്. തുടർന്ന് അവർ നാട്ടുകാരെയും പഞ്ചായത്ത് മെമ്പറെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അമ്മയുടെ പെട്ടെന്നുളള മരണത്തിൽ ഉണ്ടായ മാനസിക ആഘാതം മൂലമാണ് മകൻ ഇത്തരമൊരു പ്രവൃത്തി ചെയ്തതും മറ്റ് ദുരൂഹതകളില്ലെന്നുമാണ് പ്രാഥമിക നിഗമനം.
Content Highlights: Police in Kerala intervene after a mentally unstable man was found performing rituals beside his deceased mother inside their house in kollam