തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. ഓണ്‍ലൈന്‍ ടാക്സികളുടെ അനിശ്ചിതകാല സമരത്തില്‍ ഊബര്‍ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരമാണ് പിന്‍വലിച്ചത്. ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയ കമ്പനികളിലെ പ്രതിനിധികളുമായി ഡ്രൈവര്‍മാരുടെ സംഘടന നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം. ഊബര്‍ ഒഴികെയുള്ള ആപ്പുകള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. നാളെ മുതല്‍ കേരള സവാരി ഉള്‍പ്പെടെയുള്ള മറ്റ് ആപ്പുകള്‍ വഴി സര്‍വീസ് തുടരും.
ഊബര്‍ ആപ്പ് ഉപയോഗിച്ച് സര്‍വീസ് നടത്തില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. കൊച്ചിയില്‍ ഊബര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. മിനിമം നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് സംഘടന ആരോപിക്കുന്നത്. തിങ്കളാഴ്ച ഊബറുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഊബറിനെതിരായ സമരം ശക്തമായി തുടരുമെന്നും ഓണ്‍ലൈന്‍ ടാക്സി സംയുക്ത സമിതി അറിയിച്ചു. നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കല്‍, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വര്‍ധനവിനിടയിലും ടാക്സിനിരക്ക് കുറക്കല്‍, ഏകീകൃതനിരക്ക് ഏര്‍പ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള 11 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കടുത്ത പ്രതിസന്ധിയിലാണെന്നും മറ്റുവഴികളില്ലാതെയാണ് സമരത്തിനിറങ്ങിയതെന്നും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പറഞ്ഞിരുന്നു. കമ്പനികള്‍ വന്‍തോതില്‍ കമ്മീഷന് ഈടാക്കുകയാണെന്നും അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഉന്നയിച്ചിരുന്നു. ഇന്ധനവില കൂടുതലായി നല്‍കേണ്ട സാഹചര്യം കടുത്ത പ്രതിസന്ധിക്ക് വഴിവെച്ചുവെന്നും സര്‍വ്വീസ് നടത്തി ലഭിക്കുന്ന തുക വാഹനത്തിന്റെ മെയിന്റനന്‍സിന് പോലും തികയുന്നില്ലെന്നുമായിരുന്നു ഡ്രൈവര്‍മാരുടെ ആരോപണം.
Content Highlights: Online Taxi Drivers Strike Called Off in Kerala, Except for Uber