'നടപടിയില്‍ തെറ്റില്ല'; എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

ക്രമസമാധന ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും ബിനോയ് വിശ്വം പറഞ്ഞു

ആലപ്പുഴ: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ അറിഞ്ഞുവെന്നും നടപടിയില്‍ തെറ്റില്ലെന്നുമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ക്രമസമാധന ചുമതലയുള്ള ആ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്ന് സിപിഐ മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലയടിച്ച് പൊട്ടിക്കലല്ലോ ശരിയായ രീതിയെന്നും അദ്ദേഹം ചോദിച്ചു.

ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരിക്കാന്‍ പാടില്ലെന്നായിരുന്നു എന്ന് സിപിഐ നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു. 'തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചെന്ന വിഷയത്തിൽ അദ്ദേഹം കുറ്റാരോപിതനായിരുന്നു. പൂരം നാളില്‍ തൃശൂര്‍ ചുമതലക്കാരനായ മന്ത്രിയുടെ ഫോണ്‍കോള്‍ പോലും അറ്റന്‍ഡ് ചെയാന്‍ അദ്ദേഹം തയ്യാറായില്ല', ബിനോയ് വിശ്വം പറഞ്ഞു.

ഡല്‍ഹിയിലെ പ്രതിഷേധത്തെയും ഇടതുപക്ഷം പൂര്‍ണമായി പിന്താങ്ങുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാാക്കി. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന്റെ തീരുമാനത്തിലും മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തില്‍ സിപിഐ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഗണ്‍മാന്മാര്‍ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിലാണ് അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നല്‍കിയത്.

Content Highlights: CPI State Secretary Binoy Viswam Reacts to ADGP M R Ajith Kumars Suspension

To advertise here,contact us