കൊല്ലം: കൊല്ലത്ത് പട്രോളിങ്ങിനിടെ എസ്എച്ച്ഓയെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ പ്രതികള്‍ പിടിയില്‍. പത്തനാപുരം മഞ്ഞക്കാല പുത്തന്‍വിള വീട്ടില്‍ നന്ദു (24), ടിടി ഹൗസില്‍ ടിനു (22) എന്നിവരാണ് അറസ്റ്റില്‍ ആയത്. എഴുകോണ്‍ എസ്എച്ച്ഒ ശ്രീകുമാറിനെയാണ് വാഹന പരിശോധനയ്ക്കിടെ പ്രതികള്‍ ഇടിച്ചിട്ടത്. എഴുകോണ്‍ ചീരങ്കാവ് ബാറിനു സമീപമാണ് സംഭവം.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. മദ്യപിച്ച് ചില ആളുകള്‍ ബാറിന്റെ പരിസരത്ത് കിടക്കുന്നു എന്ന പരാതി അന്വേഷിക്കാന്‍ എത്തിയതായിരുന്നു ശ്രീകുമാര്‍. പിന്നാലെ ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ എസ്എച്ച്ഒയെ ഇടിച്ച് നിലത്തിടുകയായിരുന്നു. വീഴ്ചയില്‍ അദ്ദേഹത്തിന് കാര്യമായി പരിക്ക് പറ്റിയിട്ടില്ല. തുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള മുന്‍ വൈരാഗ്യത്തിന്റെ പേരിലാണോ ഇവര്‍ എസ്എച്ച്ഒയെ ആക്രമിച്ചത് എന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ മനപ്പൂര്‍വമല്ല പൊലീസുകാരനെ ഇടിച്ചിട്ടതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
കാസര്‍കോടും പൊലിസിന് നേരെ ആക്രമണമുണ്ടായി. വാഹനപരിശോധനയ്ക്കിടെയാണ് പൊലിസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു പൊലിസുകാരന് പരിക്കേറ്റിട്ടുണ്ട്. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലെ സിവില്‍ പൊലീസ് ഓഫിസര്‍ സന്ദീപിനാണ് പരിക്കേറ്റത്. വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ കത്തി ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി മുഹമ്മദ് ഷെമി, നാരമ്പാടി സ്വദേശികളായ അമീര്‍, മുഹമ്മദ് സഫ്വാന് എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപമായിരുന്നു ആക്രമണം നടന്നത്. ഈ പ്രദേശത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ഒരു ബൈക്കിലെത്തിയ മൂന്ന് പേരെ പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചിരുന്നു. ഇവരുടെ ലൈസന്‍സും വാഹന രേഖകളും അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഇത് നല്കാന് തയ്യാറാകത്തതിനെ തുടര്‍ന്ന് പൊലീസുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ മറ്റിടങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കൂടി അവിടേക്ക് എത്തി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെയാണ് ബലപ്രയോഗത്തിനിടെയാണ് പ്രതികളിലൊരാള്‍ കത്തി ഉപയോഗിച്ച് പൊലീസുകാരന് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ സന്ദീപിന്റെ കൈക്ക് ആറ് സ്റ്റിച്ചാണ് ഇട്ടിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു.
Content Highlights: Two men have been arrested for allegedly hitting the Ezhukone SHO with a motorcycle during a vehicle inspection in Kollam. The incident occurred near Cheerankavu Bar while the officer was on patrol, and the accused were later taken into custody by police.