ഇടുക്കി: തുടര്‍ച്ചയായുള്ള പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കേരളത്തില്‍ ഇതുവരെ ആവശ്യത്തിന് വൈദ്യുതി ലഭിച്ചിട്ടില്ലെന്നും പുറത്ത് നിന്ന് വാങ്ങിയാണ് മുന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ വൈദ്യുത പദ്ധതി നടപ്പിലാക്കിയതെന്നും എം എം മണി പറഞ്ഞു. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ വെറും 40 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി കരാര്‍ അടിസ്ഥാനത്തില്‍ വാങ്ങിക്കുന്നതാണെന്നും എം എം മണി ചൂണ്ടിക്കാട്ടി. കോഫി വിത്ത് അരുണിലായിരുന്നു എം എം മണിയുടെ പ്രതികരണം.
എല്‍ഡിഎഫ് സർക്കാർ ഭരിക്കുന്ന സമയത്തും പ്രതിസന്ധികള്‍ വന്നിട്ടുണ്ട്. പക്ഷെ ജനങ്ങളെ ഇരുട്ടിലാക്കുന്ന നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കാര്യങ്ങള്‍ വ്യക്തമായി പഠിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ വൈദ്യുതി കരാര്‍ അടിസ്ഥാനത്തില്‍ പുറത്ത് നിന്ന് വാങ്ങണം. ഇത് പണം ചെലവാകുന്ന കാര്യമാണ്. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി പുറത്ത് നിന്നാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രതിസന്ധി മറികടക്കണം. ഈ പണം വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് പിരിച്ചെടുക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'മഴയില്ലെന്നും ഡാമില്‍ വെള്ളമില്ലെന്നും പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുകയാണ്. വൈദ്യുതി പ്രതിസന്ധിയില്‍ സതീശന് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ല. കരാര്‍ ഉണ്ടാക്കി വൈദ്യുതി വാങ്ങണം. പണം ഉപഭോക്താക്കളില്‍ നിന്ന് വാങ്ങണം. ഇതൊന്നും ചെയ്യാതെ ജനങ്ങളെ പറ്റിക്കുന്ന നടപടിയാണ് വൈദ്യുതി വകുപ്പ് മന്ത്രിയും സര്‍ക്കാരും സ്വീകരിക്കുന്നത്. സമ്പൂര്‍ണ വൈദ്യുതനയം നടപ്പാക്കിയില്ലെങ്കില്‍ പോലും പുറത്ത് നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം കേരളത്തിലുണ്ട്'; എം എം മണി പറഞ്ഞു.
Content Highlights: Former Electricity Minister M.M. Mani has launched a sharp attack on the government over the continued power outages. He alleged that the repeated electricity disruptions reflect failures in the state's power management.