E20 ഇന്ധനം ഒഴിച്ച് കാർ തകരാറിലായ സംഭവം: 'പുതിയ കാർ നല്‍കില്ല', കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സുസുക്കി

ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ റായ്പൂര്‍ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരുന്നു

ന്യൂഡൽഹി: എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായ സംഭവത്തില്‍ പരാതിക്കാരന് പുതിയ കാര്‍ നല്‍കില്ലെന്ന് വ്യക്തമാക്കി വാഹനക്കമ്പനി മാരുതി സുസുക്കി. ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ റായ്പൂര്‍ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. എഥനോള്‍ പെട്രോള്‍ ഒഴിച്ചതല്ല തകരാറിന് കാരണമെന്നാണ് മരുതി സുസുക്കിയുടെ വിശദീകരണം. കാറില്‍ ഇന്ധന മലിനീകരണം സംഭവിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. മാത്രമല്ല കേസില്‍ പറയുന്ന വാഹനത്തില്‍ E20 ഇന്ധനം ഉപയോഗിക്കുന്നതിന് യാഥൊരു തടസ്സമില്ലെന്നും, ഇക്കാര്യം വാഹനത്തിന്റെ ഉടമസ്ഥര്‍ക്കുള്ള കൈപ്പുസ്തകത്തില്‍ (owner's manual) വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ മാരുതി സുസുക്കി സ്വീകരിക്കുന്നതാണെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

പുതിയ വാഹനം നല്‍കണമെന്ന ഉത്തരവ് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. മാരുതിയുടെ വിതാര സ്‌ട്രോങ്ങ് ഹൈബ്രിഡിനാണ് E20 പെട്രോള്‍ ഒഴിച്ച് പണി കിട്ടിയത്. ജനുവരി 2023 മോഡല്‍ വണ്ടിയില്‍ E20 പെട്രോള്‍ അടിച്ച ശേഷം ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടു എന്നാണ് വാഹന ഉടമ പറയുന്നത്. വണ്ടിയുടെ പെര്‍ഫോമന്‍സ് മോശമായി, ഇന്ധനക്ഷമത കുറഞ്ഞു തുടങ്ങിയ പ്രശ്‌നങ്ങളാണ് നേരിട്ടത്. നിരവധി തവണ വണ്ടിക്ക് കേടുപാടുകള്‍ ഉണ്ടായി എന്നും ഉപയോക്താവ് പറഞ്ഞു.

റിപ്പയറുകളും മറ്റും കാലക്രമേണ ഉണ്ടാകുന്നതാണെന്നും E20 പെട്രോളുമായി അവയ്ക്ക് ബന്ധമില്ല എന്നുമായിരുന്നു കമ്പനിയുടെ വാദം. വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് പുതിയ വാഹനം അല്ലെങ്കില്‍ വാഹനത്തിന്റെ വില നല്‍കാന്‍ കമ്പനിയോട് കോടതി ഉത്തരവിട്ടത്. ഛത്തീസ്ഗഡിലെ റായ്പുര്‍ കോടതിയാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേസ് പരിഗണിച്ച കോടതി മാരുതി സുസുകിയോട് ഉപയോക്താവിന് പുതിയ വണ്ടി നല്‍കാനോ അല്ലെങ്കില്‍ വണ്ടിയുടെ വിലയായ 20.50 ലക്ഷം രൂപ നല്‍കാനോ ആണ് ഉത്തരവിട്ടത്. E20 പെട്രോളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ അനുകൂല വിധിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് അപ്പീല്‍ പോകുമെന്ന് അറിയിച്ച് കമ്പനി രംഗത്തെത്തിയത്.

Content Highlights: Maruti Suzuki has announced that it will appeal the court's verdict in the E20 fuel case and said it will not pay the compensation awarded.

To advertise here,contact us