'പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍'; ഉപരാഷ്ട്രപതിയുടെ വിമര്‍ശനത്തില്‍ ജി സുകുമാരന്‍ നായര്‍

വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി

കോട്ടയം: ഡല്‍ഹിയില്‍ എന്‍എസ്എസ് പിരിപാടിക്കിടയിലുണ്ടായ വിമര്‍ശനത്തില്‍ ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ ആര്‍ക്കും വിലക്കില്ല. പ്രോട്ടോകോള്‍ പാലിക്കണം എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധന അംഗീകരിക്കാനാവില്ല. എന്‍എസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. ഇതുകൊണ്ടാണ് സന്ദര്‍ശനത്തിന് അന്ന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സുരേഷ് ഗോപിയെ വിലക്കിയത് ബജറ്റ് യോഗത്തില്‍ പ്രവേശിക്കുന്നതിലാണ്. വിഷയത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇരു നേതാക്കുളുടേയും നിലപാട് എന്‍എസ്എസിനോടുള്ള ബിജെപിയുടെ പൊതു നിലപാടായിക്കൂടിയാണ് വിലയിരുത്തുന്നത്. ഇതിനിടെ വിഷയത്തില്‍ എന്‍എസ്എസിനെ പിന്തുണച്ചുകൊണ്ട് സിപിഐഎം നേതാവ് പി രാജീവ് രംഗത്ത് വന്നു. നിലപാട് സ്വീകരിക്കുന്നവരെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ആദ്ദേഹം വിമര്‍ശിച്ചു. വിഷയത്തില്‍ എന്‍എസ്എസ് സംഘടനയാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വം നിലപാട് പറയുമെന്നായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പ്രതികരിച്ചത്.

കേരള സന്ദര്‍ശനത്തിനിടെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന ആരോപണത്തിലായിരുന്നു ഉപ രാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നലെ സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്ത് വന്നത്. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നായിരുന്നു ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദന പരിപാടിക്കിടയിലെ അദ്ദേഹത്തിന്റെ വിമര്‍ശനം. എല്ലാം മന്നത്ത് പത്മനാഭന്റെ സംഭാവനയാണ്. താനാണ് ജനറല്‍ സെക്രട്ടറി, ഇന്നയാള്‍ വരരുത് എന്ന് പറയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാവര്‍ക്കും വരാനാകണം എന്ന നയമാണ് സ്വീകരിക്കേണ്ടതെന്നും സി പി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. ഒന്നുകില്‍ ഇരിക്കുന്നവര്‍ ശുദ്ധീകരിക്കും അല്ലെങ്കില്‍ സ്വയം ശുദ്ധീകരിക്കപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിട്ടുണ്ടെന്നും ബദല്‍ മാര്‍ഗങ്ങളും ഉയര്‍ന്ന് വരട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഡല്‍ഹി മികച്ച മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപം ഏറെ നാളത്തെ സ്വപ്നമായിരുന്നെന്നും അത് യഥാര്‍ഥ്യമായെന്നും സുരേഷ്ഗോപി പറഞ്ഞിരുന്നു.

Content Highlights: NSS General Secretary G Sukumaran Nair declined to respond publicly to the criticism raised during the NSS event in Delhi. He said the statements made by the Vice President and Suresh Gopi did not merit a response and alleged that they were driven by political motives.

To advertise here,contact us