ഉടുതുണി മാറ്റിയും മര്‍ദ്ദിച്ചു; കാസര്‍കോട് യുവാവിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമെന്ന് പരാതി

രാത്രി വീട്ടിലെത്തി ബലം പ്രയോഗിച്ചാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്

കാസര്‍കോട്: കാസര്‍കോട് ബദിയടുക്കയില്‍ കസ്റ്റഡി മര്‍ദ്ദനമെന്ന് പരാതി. പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മര്‍ദ്ദനമേറ്റ അജിത്തിന്റെ കുടുംബം രംഗത്ത്. യാതൊരു തെറ്റും ചെയ്യാതെയാണ് പൊലീസ് അജിത്തിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. രാത്രി വീട്ടിലെത്തി ബലം പ്രയോഗിച്ചാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബന്ധുക്കളുടെ മുന്നില്‍ വെച്ച് അജിത്തിനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പൊലീസ് വാഹനമില്ലാതെ മഫ്തിയിലാണ് പൊലീസുകാര്‍ വന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

പൊലീസ് കേസിനെ കുറിച്ച് ഒരു കാര്യവും ബന്ധുക്കളോട് പറഞ്ഞില്ലെന്നും ആരോപണമുണ്ട്. സ്റ്റേഷനില്‍ വെച്ചും പൊലീസ് അജിത്തിനെ കൂരമായി മര്‍ദ്ദിച്ചെന്ന് ബന്ധുങ്ങള്‍ പറയുന്നു. നാട്ടില്‍ വലിയ നാണക്കേടാണ് അജിത്തിന് ഉണ്ടായതെന്നും കുടുംബം പറയുന്നുണ്ട്. നിയമ നടപടിയുമായി ഏതറ്റം വരെയും പോകുമെന്നും കുടുംബം റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. അടക്ക മോഷണം ആരോപിച്ചാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അന്വേഷണത്തില്‍ അജിത്തല്ല കേസിലെ യഥാര്‍ത്ഥ പ്രതിയെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ യഥാര്‍ത്ഥ പ്രതികളായ മൂന്ന് പേരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

മോഷണം നടന്ന സ്ഥലത്തെ സിസിടിവിയില്‍ അജിത്തിന്റെ രൂപസാദൃശ്യമുള്ള ആളെ കണ്ടു എന്ന് പറഞ്ഞായിരുന്നു അജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക വാഹനത്തിലായിരുന്നില്ല പൊലീസ് എത്തിയത്. സ്റ്റേഷനില്‍ വെച്ച് ഉടുതുണി ഉരിച്ചടക്കം മര്‍ദിച്ചെന്നും ആരോപണമുണ്ട്. അതേസമയം സംശയത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Content Highlights: The family of Ajith has levelled serious allegations against the police, claiming he was forcibly taken into custody from his home in Badiadka, Kasaragod, and subjected to physical abuse. They also allege that the officers arrived in plain clothes without a police vehicle, while the police response is awaited.

To advertise here,contact us