കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കെതിരായ പരാതിയിലെ എഫ്ഐആര്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണം തളളി അന്‍സിബ ഹസന്. എഫ്ഐആര്‍ ഇട്ടു എന്ന ആഭ്യന്തര മന്ത്രിയുടെ വിശദീകരണം വാസ്തവിരുദ്ധമാണെന്ന് അന്‍സിബ ഹസന് പറഞ്ഞു. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നും പൊലീസ് എഫ്ഐആര്‍ ഇടാത്തതിനെ തുടര്‍ന്നാണ് താന്‍ കോടതിയെ സമീപിച്ചതെന്നും അന്‍സിബ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തടയാനും നടപടി സ്വീകരിച്ചില്ലെന്നും അന്‍സിബ കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രിയെ ടാഗ് ചെയ്ത് ഫേസ്ബുക്കിലൂടെയാണ് അന്‍സിബ ഇക്കാര്യം പറഞ്ഞത്.
'ആഭ്യന്തര മന്ത്രിയെ ഫോണില്‍ വിളിച്ചത് എന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. ഇന്‍സ്റ്റഗ്രാമില്‍ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തടയാന്‍ അടിയന്തരമായി ഇടപടണം എന്ന് അഭ്യര്‍ത്ഥിക്കാനാണ്. തുടര്‍ന്നാണ് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്. എന്നാല്‍ കേസില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ടെന്ന് പൊലീസ് ആഭ്യന്തര മന്ത്രിയോട് കളവായി പറയുകയായിരുന്നു. മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നത്. പരാതിയില്‍ എഫ്ഐആര്‍ ചെയ്യാതെ പ്രതികള്‍ പരാമര്‍ശിച്ച ഞാന്‍ താമസിച്ചിരുന്ന ഹോട്ടല്‍ കേന്ദ്രീകരിച്ച് പാലാരിവട്ടം പൊലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുളള തെളിവുകള്‍ക്ക് വേണ്ടിയായിരുന്നു. അവിടെ നിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിതീര്‍ത്ത് പരാതി എഴുതിതളളാന്‍ പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്', അന്‍സിബ ഹസന് പറഞ്ഞു.
വ്യാജ പരാതിയുടെ പേരില്‍ തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വെച്ച് തന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചെന്ന കാര്യം ആരും മറന്നുപോകരുതെന്നും അന്‍സിബ പറഞ്ഞു. കാക്കിക്കുളളില്‍ നിങ്ങള്‍ ആരായാലും നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും തനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂര്‍ണ ബോധ്യത്തിലാണ് വീണ്ടും നിങ്ങളുടെ വാതിലില്‍ മുട്ടുന്നതെന്നും നീതി ലഭിക്കുംവരെ ആ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കുമെന്നും അന്‍സിബ ഹസന് കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കോടതിയുടെ നിര്‍ദേശപ്രകാരം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷിക്കുന്നത് പൊലീസാണെന്നും ആഭ്യന്തരമന്ത്രി ഇടപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'കമ്മീഷണര്‍ എന്നെ പറ്റിച്ചിട്ടില്ല. കമ്മീഷണറില്‍ എനിക്ക് വിശ്വാസമാണ്. എല്ലാ ദിവസവും ഇക്കാര്യം പറയാന്‍ പറ്റില്ല. പൊലീസ് അന്വേഷിച്ചപ്പോള്‍ കഴമ്പില്ലെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. കോടതിയെ എല്ലാവര്ക്കും സമീപിക്കാം. നിയമവ്യവസ്ഥ ശക്തമാണ്. അന്വേഷണം നടക്കട്ടെ' എന്നാണ് ചെന്നിത്തല പറഞ്ഞത്.
Content Highlights: Controversy escalates as actress Ansiba Hasan claims the Ernakulam City Police Commissioner misled Home Minister Ramesh Chennithala regarding the status of the FIR in the case against Lakshmi Priya.