തിരുവനന്തപുരം: പാച്ചല്ലൂര്‍ വാഹനാപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്. തിരുവല്ലം പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മാറനല്ലൂര്‍ സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്. കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്കായിരുന്നു അപകടത്തില്‍പ്പെട്ടത്. ഐടി ജീവനക്കാരായ രണ്ട് പേര് അപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്.
ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ വിഷ്ണുവിന്റെ കാറിന്റെ പിന്‍ഭാഗത്ത് ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടിയതാണ് അപകട കാരണമെന്ന് സിസിടിവി പരിശോധനയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ കഴക്കൂട്ടം യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരന് നവീന്‍(25), കഴക്കൂട്ടം കിന്‍ഫ്രയിലെ ഇവൈ ജിബിഎസ് ഇന്ത്യ ലിമിറ്റഡില്‍ ജോലി ചെയ്യുന്ന മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവരായിരുന്നു മരിച്ചത്. മൃദുല സംഭവ സ്ഥലത്തും, നവീന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
Content Highlights: A major development has emerged in the Pachalloor vehicle accident case as Thiruvallam police have taken one person into custody.