മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ട സംഭവം; സഹപാഠി കുറ്റം സമ്മതിച്ചു

മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്

ആലപ്പുഴ: മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ സഹപാഠി സദറുല്‍ അനം(23) കുറ്റം സമ്മതിച്ചു. ബുഖാര പൊലീസിനോടാണ് പ്രതി കൊലക്കുറ്റം സമ്മതിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച് ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. ആശുപത്രിയിലെത്തിച്ചതും സദറുല്‍ അനം തന്നെയാണ്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് വിദ്യാര്‍ത്ഥിനിയുടെ മരണ കാരണം. ഉസ്‌ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

കഴിഞ്ഞ ശനിയാഴ്ച്ച കോളേജ് ഹോസ്റ്റലില്‍വെച്ചായിരുന്നു സംഭവം. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തില്‍ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ. ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.

മകളെ ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം കുടുംബം അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുമായി വാക്കുതർക്കമുണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സദറുല്‍ അനം ആക്രമിക്കുകയുമായിരുന്നു. സാവരിയയുടെ മൃതദേഹം ഇന്നലെ ഡല്‍ഹിയിലെത്തിച്ചിരുന്നു. ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.

Content Highlights: In a major breakthrough, the classmate of the Malayali medical student murdered in Uzbekistan has confessed to the crime. Investigation details inside.

To advertise here,contact us