തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന് വി എ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി സ്ഥാനത്ത് നിന്ന് മാറ്റി. പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡി കോളേജ് പ്രിന്‍സിപ്പാള്‍ എം വി രാജേഷാണ് പുതിയ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍. ഐഎച്ച്ആര്‍ഡി പൂര്‍വവിദ്യാര്‍ത്ഥി കൂടിയാണ് രാജേഷ്.
മൂന്ന് വർഷം മുമ്പാണ് എൽഡിഎഫ് സർക്കാർ വി എ അരുൺകുമാറിന് ഐഎച്ച്ആർഡി ഡയറക്ടർ ഇൻ ചാർജ് ചുമതല നൽകിയത്. അരുൺകുമാറിനൻ്റെ നിയമനം ചോദ്യം ചെയ്ത് നിരവധി പരാതികൾ നേരത്തെ ഹൈക്കോടതിയിലെത്തിയിരുന്നു. ഈ പരാതികളിൽ സ്വമേധയ കേസെടുത്ത ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ പ്രധാന നിർദ്ദേശം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനം സർവകലാശാല വൈസ് ചാൻസിലറിന് തുല്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഏഴു വർഷത്തെ അധ്യാപന പരിചയമാണ് 2018ലെ യുജിസി മാനദണ്ഡപ്രകാരം ഐഎച്ച്ആർഡി ഡയറക്ടറാകാനുള്ള യോഗ്യത. ക്ലറിക്കൽ പദവിയിലിരുന്ന അരുൺകുമാറിന് ഈ പദവി നൽകിയത് വിചിത്രമാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlights: In a major administrative move, VA Arun Kumar has been removed from the position of IHRD Director by the Kerala Higher Education Department.