'ആത്മാർത്ഥമായി ജോലി ചെയ്തിട്ടും അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ല'

അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഏതൊരു പ്രൊഫഷണലിനും ഉണ്ടാകുന്ന സ്വാഭാവികമായ വിഷമമുണ്ടെങ്കിലും ഒരു വലിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് ഈ പടിയിറക്കമെന്നും അരുൺ കുമാർ

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയ നടപടിയില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. കഴിഞ്ഞ 32 വര്‍ഷക്കാലത്തെ നീണ്ട സര്‍വീസില്‍ പ്രിന്‍സിപ്പല്‍, അഡീഷണല്‍ ഡയറക്ടര്‍ തുടങ്ങി വിവിധ തസ്തികകളില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും അര്‍ഹതപ്പെട്ട സ്ഥിരം ഡയറക്ടര്‍ പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിരുന്നില്ല എന്നത് ഒരു വസ്തുതയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഏതൊരു പ്രൊഫഷണലിനും ഉണ്ടാകുന്ന സ്വാഭാവികമായ വിഷമമുണ്ടെങ്കിലും ഒരു വലിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് ഈ പടിയിറക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡയറക്ടറുടെ ചുമതല വഹിക്കാന്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ ഐഎച്ച്ആര്‍ഡി എന്ന വലിയ പ്രസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കാനും ഈ മേഖലയില്‍ കൃത്യമായൊരു ദിശാബോധം സൃഷ്ടിക്കാനും കഴിഞ്ഞുവെന്ന ബോധ്യമാണ് ഏറ്റവും വലിയ പദവിയെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഐ.എച്ച്.ആര്‍.ഡി (IHRD) ഡയറക്ടറുടെ ചുമതലയില്‍ നിന്നുള്ള പുതിയ മാറ്റത്തിന്റെ ഉത്തരവ് (G.O.(Ms) No.471/2026/HEDN) ഇന്ന് പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ 32 വര്‍ഷക്കാലത്തെ നീണ്ട സര്‍വീസില്‍ പ്രിന്‍സിപ്പല്‍, അഡിഷണല്‍ ഡയറക്ടര്‍ തുടങ്ങി വിവിധ തസ്തികകളില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും, അര്‍ഹതപ്പെട്ട സ്ഥിരം ഡയറക്ടര്‍ പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. അഡിഷണല്‍ ഡയറക്ടര്‍ പദവി വരെയുള്ള പ്രമോഷനുകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, ഡയറക്ടര്‍ നിയമനം പൂര്‍ണ്ണമായും സര്‍ക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന സാങ്കേതിക പഴുതുകളാണ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടത്.

അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഏതൊരു പ്രൊഫഷണലിനും ഉണ്ടാകുന്ന സ്വാഭാവികമായ വിഷമമുണ്ടെങ്കിലും, ഒരു വലിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് ഈ പടിയിറക്കം. ഡയറക്ടറുടെ ചുമതല വഹിക്കാന്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ ഐ.എച്ച്.ആര്‍.ഡി എന്ന വലിയ പ്രസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കാനും, ഈ മേഖലയില്‍ കൃത്യമായൊരു ദിശാബോധം സൃഷ്ടിക്കാനും കഴിഞ്ഞുവെന്ന ബോധ്യമാണ് ഏറ്റവും വലിയ പദവി.

ഇന്നാണ് വി എ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡി കോളേജ് പ്രിന്‍സിപ്പാള്‍ എം വി രാജേഷാണ് പുതിയ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍. ഐഎച്ച്ആര്‍ഡി പൂര്‍വവിദ്യാര്‍ത്ഥി കൂടിയാണ് രാജേഷ്.

മൂന്ന് വർഷം മുമ്പാണ് എൽഡിഎഫ് സർക്കാർ വി എ അരുൺകുമാറിന് ഐഎച്ച്ആർഡി ഡയറക്ടർ ഇൻ ചാർജ് ചുമതല നൽകിയത്. അരുൺകുമാറിനൻ്റെ നിയമനം ചോദ്യം ചെയ്ത് നിരവധി പരാതികൾ നേരത്തെ ഹൈക്കോടതിയിലെത്തിയിരുന്നു. ഈ പരാതികളിൽ സ്വമേധയ കേസെടുത്ത ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ പ്രധാന നിർദ്ദേശം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനം സർവകലാശാല വൈസ് ചാൻസിലറിന് തുല്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഏഴു വർഷത്തെ അധ്യാപന പരിചയമാണ് 2018ലെ യുജിസി മാനദണ്ഡപ്രകാരം ഐഎച്ച്ആർഡി ഡയറക്ടറാകാനുള്ള യോഗ്യത. ക്ലറിക്കൽ പദവിയിലിരുന്ന അരുൺകുമാറിന് ഈ പദവി നൽകിയത് വിചിത്രമാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlights: v a arun kumar reacts on removal from ihrd director position

To advertise here,contact us