ഭരണം നഷ്ടമാവുന്നത് വലിയകാര്യമായി എടുക്കുന്നില്ലെന്ന് ബിജു പുളിക്കകണ്ടം; കൈവിട്ട് എല്‍ഡിഎഫും, മുന്നിലെന്ത്?

ഭാവി കാര്യങ്ങള്‍ സമാനമനസ്‌കരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും ബിജു പുളിക്കകണ്ടം

കോട്ടയം: പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി ബിജു പുളിക്കകണ്ടം. ഭരണം നഷ്ടമാവുന്നത് വലിയ കാര്യമായി എടുക്കുന്നില്ലെന്നാണ് കുറിപ്പ്. യുഡിഎഫ്-സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതിന് പിന്നാലെയാണ് കുറിപ്പ്. ഇലക്ഷന് ഭരണം കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല മൂന്നുപേരും തെരഞ്ഞെടുപ്പിന് നിന്നതെന്നും മുനിസിപ്പല്‍ ഭരണവും കൗണ്‍സിലര്‍ പദവിയും ജീവിത സാഫല്യമായി കാണാത്തതിനാല്‍ ഭരണം നഷ്ടമാവുന്നത് വലിയ കാര്യമായി എടുക്കുന്നില്ലെന്നുമാണ് കുറിപ്പ്. പൊതുപ്രവര്‍ത്തനം ജീവിതോപാധിയല്ലെന്നും പോസിറ്റീവ് ആയി കാര്യങ്ങളെ അഭിമുഖീകരിക്കുമെന്നും ബിജു പുളിക്കകണ്ടം പറഞ്ഞു.

'ഞങ്ങള്‍ മൂവരും ഇലക്ഷന് നിന്നത് ഭരണം കിട്ടുമെന്ന് പ്രതീക്ഷിച്ചല്ലല്ലോ..? ഭരണം കിട്ടിയത് അവിചാരിതമായിട്ട്…. മുനിസിപ്പല്‍ ഭരണവും കൗണ്‍സിലര്‍ പദവിയും ജീവിത സാഫല്യമായി കാണാത്തതിനാല്‍, ഭരണം നഷ്ടമാവുന്നത് വലിയ കാര്യമായി എടുക്കുന്നുമില്ല. നമ്മള്‍ക്കുണ്ടായ തിക്താനുഭവത്തിന് കാലം മറുപടി നല്‍കിക്കഴിഞ്ഞു. ഇനിയുള്ള കാലം ആരുമായും എതിര്‍പ്പ് വച്ചുപുലര്‍ത്തേണ്ട കാര്യമില്ലാന്നാണ് ഞങ്ങള്‍ മൂവരുടെയും തീരുമാനം. പൊതുപ്രവര്‍ത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ലാ. ഭാവി കാര്യങ്ങള്‍ സമാനമനസ്‌കരുമായി ആലോചിച്ചു തീരുമാനമെടുക്കും. ഏതിനെയും പോസിറ്റീവ് ആയി അഭിമുഖീകരിക്കും', ബിജു പുളിക്കകണ്ടം കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു നഗരസഭയില്‍ സ്വതന്ത്രരായി മത്സരിച്ചുജയിച്ച പുളിക്കകണ്ടം കുടുംബത്തിന് നല്‍കി വരുന്ന പിന്തുണ പിന്‍വലിക്കുന്ന പ്രമേയം കോണ്‍ഗ്രസ് പാസാക്കിയത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

സ്വതന്ത്ര കൂട്ടായ്മയുമായി കൈകോര്‍ക്കില്ലെന്ന് എല്‍ഡിഎഫും വ്യക്തമാക്കി. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിക്കില്ലെന്നും അവരുടെ പിന്തുണയോടെ ഭരണം പിടിക്കില്ലെന്നും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ബിജു പാലുപടവന്‍ പറഞ്ഞു. ബിനു പുളിക്കകണ്ടവും കുടുംബവും കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നാണ് ആവശ്യം. സ്വയം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും ബിജു പാലുപടവന്‍ വ്യക്തമാക്കി.

പാലാ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിനു പുളിക്കകണ്ടവും മകള്‍ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യടേമില്‍ ചേയര്‍പേഴ്‌സണ്‍ സ്ഥാനം ദിയയ്ക്ക് നല്‍കുകയായിരുന്നു. 26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാള്‍ കോണ്‍ഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി. ഇതോടെയാണ് നഗരസഭയില്‍ യുഡിഎഫ് ഭരണം പിടിച്ചത്.

Content Highlights: Biju Pulikkakandam Shares Facebook Post Amid Governance Crisis in Pala Municipality

To advertise here,contact us