വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു; മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം

എൽഡിഎഫ് സർക്കാരിൻ്റെ കഴിഞ്ഞ പത്ത് വർഷ കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം നടത്താൻ ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു. ഗോഡൗണിൽ പെട്ടിപൊട്ടിക്കാത്ത നിലയിൽ കൂട്ടിയിട്ട ഉപകരണങ്ങൾ കണ്ടെത്തി. ഉപയോ​ഗിക്കാതെ കൂട്ടിയിട്ടിരുന്നവയിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ച നിലയിലാണ് കണ്ടെത്തിയത്. ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകൾ ഉൾപ്പെടെ ​ഗോഡൗണിൽ കൂട്ടിയിട്ട നിലയിലായിരുന്നു. ഇതിൽ ഒരു യൂണിറ്റിന് ഏതാണ്ട് 20 ലക്ഷത്തിലധികം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിൽ സന്ദർശം നടത്തിയ ആരോ​ഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ ഈ നിലയിൽ ഉപകരണങ്ങൾ കൂട്ടിയിട്ടത് നേരിൽ കണ്ട് ബോധ്യപ്പെട്ടിരുന്നു. ​ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുന്ന ഉപകരണങ്ങളുടെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

ഇതിന് പിന്നാലെ എൽഡിഎഫ് സർക്കാരിൻ്റെ കഴിഞ്ഞ പത്ത് വർഷ കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം നടത്താൻ ആരോ​ഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. ആദ്യ പിണറായി സർക്കാരിൻ്റെയും രണ്ടാം പിണറായി സർക്കാരിൻ്റെയും കാലത്ത് വാങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. ആഭ്യന്തര ഓഡിറ്റ് നടത്താനാണ് ആരോ​ഗ്യമന്ത്രി നിർ‌ദ്ദേശം നൽകി. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഉപയോ​ഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്കെടുക്കാനും നിർദ്ദേശം. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേന വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടക്കും.

ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ടിൽ ഏതെങ്കിലും രീതിയുള്ള ക്രമക്കേടുകൾ അല്ലെങ്കിൽ അഴിമതി കണ്ടെത്തിയാൽ അത് വിജിലൻസിന് കൈമാറാനാണ് ആരോ​ഗ്യമന്ത്രിയുടെ തീരുമാനം. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നത്. അതിൽ ഉൾപ്പെടെ വിശദമായ പരിശോധന നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: Medical equipment worth crores of rupees has reportedly been damaged at Wayanad Medical College, prompting an investigation into the procurement process. Authorities have launched a probe into the purchase of medical equipment amid concerns over irregularities.

To advertise here,contact us