തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തില്‍ മൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അന്വേഷണം. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലാണ് സംഭവം. ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിലെ ജീവനക്കാരാണ് ബസുകളുടെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറിയത്. ബസുകളുടെ സമയം ചോദിച്ചപ്പോള്‍ അന്വേഷണ വിഭാഗത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും യാത്രക്കാര്‍ക്ക് മറുപടി നല്‍കിയില്ല. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ബസ് വരുമ്പോഴേ അറിയാന്‍ പറ്റൂ എന്ന് പറഞ്ഞ് യാത്രക്കാരോട് തട്ടിക്കയറുകയായിരുന്നു.
ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് യാത്രക്കാര്‍ക്ക് മറുപടി നല്‍കുന്നതിന് പകരം മൊബൈലില്‍ നോക്കി ഇരിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. അന്വേഷണ വിഭാഗത്തിലെ ജീവനക്കാര്‍ക്കെതിരെ സ്ഥിരമായി പരാതി ഉയരുന്നുണ്ട് എന്നാണ് ആക്ഷേപം. യാത്രക്കാര്‍ നല്കിയ പരാതിയില്‍ കെഎസ്ആര്‍ടിസി സിഎംഡി ആണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഫെയ്സി, സ്റ്റേഷന് മാസ്റ്റര്‍ അനില്‍ കുമാര്‍, സ്റ്റേഷന് മാസ്റ്റര്‍ മുഹമ്മദ് റാഫി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മനോജ് പ്രതികരിച്ചു.
Content Highlights: Following complaints of rude and inappropriate behavior towards passengers, the KSRTC management has suspended three employees and launched a formal inquiry.