കോഴിക്കോട്: വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന് ശബ്ദവും ടോര്‍ച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാര്‍. വിലങ്ങാട് നാദാപുരം മുടി വനമേഖലയിലാണ് ആളുകളെ കാണാതായത്. സമീപത്തായി രണ്ട് ബൈക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി. നാദാപുരം ഫയര്‍ഫോഴ്സും വിലങ്ങാട്ടേക്ക് എത്തി. വിനോദസഞ്ചാര കേന്ദ്രമായ മുടിയിലേക്ക് വിലങ്ങാട് വഴിയാണ് സഞ്ചാരികള്‍ ട്രക്കിംഗിനായി പോകാറുളളത്. വ്യൂ പോയിന്റാണ് മുടി.
വിനോദസഞ്ചാരത്തിനായി പോയ ആളുകള്‍ വനത്തില്‍ കുടുങ്ങിയതാണോ എന്നാണ് സംശയം. ഈ മേഖലയിലേക്ക് വനംവകുപ്പ് അധികൃതരും ഫയര്‍ഫോഴ്സ് സംഘവും പുറപ്പെട്ടിട്ടുണ്ട്. വടകര ആര്‍ടിഒ പരിധിയിലുളള ബൈക്കുകളാണ് സമീപത്തുനിന്ന് കണ്ടെത്തിയത്. സംഘം മുകളില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴിതെറ്റിയതാണോ എന്നും സംശയിക്കുന്നു. ആനകള്‍ ഇറങ്ങുന്ന വനമേഖല കൂടിയാണ് ഇത്. കരയുന്നത് പോലെ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. വനംവകുപ്പ് അധികൃതരെത്തിയപ്പോള്‍ മൊബൈല്‍ ടോര്‍ച്ച് വെളിച്ചവും കണ്ടെന്ന് അവരും സ്ഥിരീകരിക്കുന്നുണ്ട്.
Content Highlights: A group of youths is suspected to be stranded in the deep forest of mudi near Vilangad, Kozhikode. Following reports of flashing lights and voices from the woods, the Forest Department, Police, and locals have launched an intensive search