കൊച്ചി: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞത് ഗത്യന്തരമില്ലാതെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മാപ്പ് പറഞ്ഞതുകൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. വിസിമാര്‍ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് മതനിരപേക്ഷ ഉള്ളടക്കമുള്ള ജനങ്ങള്‍ പറയുന്നു. എം ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സര്‍ നിയമനത്തില്‍ വി ഡി സതീശന് ഒരു പ്രതിഷേധവും ഉയര്‍ത്തിയില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതിശേധം ഉയര്‍ത്തിയില്ലെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു.
എംജി യൂണിവേഴ്സിറ്റിയിലെ 19 സെനറ്റ് അംഗങ്ങളും ആര്‍എസ്എസ് അനുഭാവികളാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കാവിവല്‍ക്കരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ല. കേരള സമൂഹം മതനിരപേക്ഷ ഉള്ളടക്കമുള്ളവരാണെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതിലും എം വി ഗോവിന്ദന് വിമര്‍ശിച്ചു. ബി അശോക് സംഘപരിവാറിന്റെ അംബാസിഡറായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ആളാണെന്ന് ഗോവിന്ദന് പരിഹസിച്ചു. അങ്ങനെയുള്ളയാളെ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രധാനപ്പെട്ട ചുമതലയില്‍ ഇരുത്തി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഉള്ളിലിരിപ്പ് നടപ്പിലാക്കാന്‍ തയ്യാറാണെന്ന സന്ദേശമാണ് അശോകിന്റെ നിയമനം പറയുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തിയതിലും എം വി ഗോവിന്ദന് പ്രതികരിച്ചു. സൗജന്യ യാത്ര ഓര്‍ഡിനറിയില്‍ മാത്രമാക്കിയെന്നും ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഗോവിന്ദന് പറഞ്ഞു. നാമമാത്രമായ ആളുകള്‍ക്കു മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഗുരുതര വീഴ്ചയാണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍മാരുടെ അന്തസിനും നിരക്കാത്തതാണത്. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍എസ്എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്നും വി ഡി സതീശന് പറഞ്ഞിരുന്നു.
ശനിയാഴ്ചയാണ് ആര്‍എസ്എസ് പരിപാടിയില്‍ അതിഥികളായി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സംഘടിപ്പിച്ച പരിപാടിയിലാണ് കേരള വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍, മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി ആര് പ്രസാദ്, എംജി സര്‍വകലാശാല വൈസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡി മാവൂത്ത് എന്നിവര്‍ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
Content Highlights- M. V. Govindan responded to criticism from V. D. Satheesan regarding the chief minister’s remarks about vice chancellors apologizing.