കൊച്ചി: പാരിയത്തുകാവില്‍ തര്‍ക്ക പരിഹാരമായി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം ഇരുകൂട്ടരും അംഗീകരിച്ചു. പാരിയത്തുകാവിലെ ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല. മലയിടംതുരുത്തിലെ തര്‍ക്കഭൂമിയ്ക്കടുത്ത് തന്നെ വീട് വെച്ച് നല്‍കും. അഞ്ച് സെന്റ് വീതം ശങ്കരന് നായരുടെ സ്ഥലത്ത് തന്നെ നല്‍കും. അവിടെ സര്‍ക്കാര്‍ ഇവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ചുനല്‍കും. പുതിയ വീട് നിര്‍മ്മിക്കുന്നത് വരെ നിലവിലുളള വീട്ടില്‍ തന്നെ താമസിക്കാം. സമരക്കാര്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിക്കാന്‍ തീരുമാനമായി.
ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കും. ഒരു വര്‍ഷത്തിനകം വീടുപണി പൂര്‍ത്തിയാക്കും. പ്രശ്നപരിഹാരത്തിനായി ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കുകയാണെന്നും സമരം അവസാനിപ്പിച്ചെന്നും സമര സമിതി അറിയിച്ചു. കുടുംബങ്ങള്‍ക്ക് ആ ഭൂമിയില്‍ തന്നെ ജീവിക്കണം എന്ന ആവശ്യമാണ് സമരസമിതി പ്രധാനമായും ഉയര്‍ത്തിയതെന്നും അത് അംഗീകരിക്കപ്പെട്ടെന്നും സമരസമിതി വ്യക്തമാക്കി.
'പറഞ്ഞ കാര്യങ്ങള്‍ ഇരുകൂട്ടരും അംഗീകരിച്ചു. വര്‍ഷങ്ങളായി താമസിക്കുന്ന ഭവനത്തില്‍ നിന്നും മാറിപോകേണ്ടതില് കുടുംബങ്ങള്‍ക്ക് മാനസികമായ പ്രയാസങ്ങളും മുന്നോട്ടുളള ജീവിതം സംബന്ധിച്ച് ആശങ്കയുമുണ്ട്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സൊല്യൂഷന് എന്ന നിലയിലാണ് നിര്‍ദേശം വന്നതും അവര്‍ അത് അംഗീകരിച്ചതും. വ്യവസ്ഥകള്‍ കൃത്യമായി പറഞ്ഞ് ഒരു കരാറുണ്ടാക്കി എല്ലാവരും അത് ഒപ്പുവെച്ച് കരാര്‍ അംഗീകരിച്ച് മുന്നോട്ടുപോകും. കരാറില്‍ പറയുന്ന വ്യവസ്ഥകള്‍ നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താനായി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് മുവാറ്റുപുഴ ആര്‍ഡിഒയെയും പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു ഡിവൈഎസ്പിയെയും ചുമതലപ്പെടുത്തും. ജനപ്രതിനിധികളെന്ന നിലയില്‍ ഞങ്ങളുടെ ഭാഗത്തുനിന്നുളള ഇടപെടലുകളും ഉണ്ടാകും': മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.
മെയ് 20ന് രാവിലെ എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ എത്തിയതോടെയാണ് പാരിയത്തുകാവ് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നം വഷളായത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കാന്‍ പൊലീസും അധികൃതരുമെത്തിയത്. അഭിഭാഷക കമ്മീഷന് അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
Content Highlights: Pariyathukavu eviction issue solved; govt will built homes for families in the same land