മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം മൂലം മരിച്ച സ്ത്രീയ്ക്ക് രോഗം ബാധിച്ചിരുന്നതായി പരിശോധനാ ഫലം

വയറിളക്കത്തെ തുടര്‍ന്ന് തിങ്കളാഴ്ച്ചയാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

മലപ്പുറം: മലപ്പുറത്ത് ഷിഗെല്ല മരണം. വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം പുറത്തുവന്നു. കീഴാറ്റൂര്‍ സ്വദേശി സരോജിനി(59) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വയറിളക്കത്തെ തുടര്‍ന്ന് തിങ്കളാഴ്ച്ചയാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ആയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് കോഴിക്കോട് ജില്ലയിൽ മൂന്നുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ നില നിലവിൽ തൃപ്തികരമാണ്. ഇന്ന് വയനാട് കോളയാടി സ്‌കൂളിലെ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ വയനാട്ടില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. 110ല്‍ അധികം പേര്‍ക്കാണ് ഈ വര്‍ഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്.

2025 ല്‍ 132 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2023ല്‍ 90 പേര്‍ക്കും 2022ല്‍ 83 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

Content Highlights: Shigella death in Malappuram;woman who died of diarrhea was infected with shigella bacteria

To advertise here,contact us