തിരുവന്തപുരം : മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ കഴിയില്ലെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് എ എ റഹീം എംപി. രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘപരിവാറിന്റെ നേതാവാണ് നരേന്ദ്ര മോദി എന്നും ആ മോദിയെ ആലിംഗനം ചെയ്യാന്‍ താങ്കള്‍ക്ക് ഒരു മടിയുമില്ലേ എന്നും റഹീം ചോദിച്ചു. ഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന , മതേതരത്വത്തിന് വേണ്ടി പോരാടുന്ന ഇന്‍ഡ്യാ സഖ്യത്തിലെ സമുന്നതനായ നേതാവിനെ ആശ്ലേഷിക്കാന്‍ കഴിയിയില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയ യുക്തി എന്താണെന്നും എ എ റഹീം ഫേസ്ബുക്കിലൂടെ ചോദിച്ചു.
'എനിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാനാകില്ല. അദ്ദേഹവുമായി സജീവമായ ഒരു രാഷ്ട്രീയ പോരാട്ടം നിലവിലുണ്ട് എന്ന് രാഹുല്‍ ഗാന്ധി. അപ്പോള്‍ നിങ്ങള്‍ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ തീറെഴുതിക്കൊടുക്കുന്ന, സംഘപരിവാറിന്റെ നേതാവാണ് നരേന്ദ്ര മോദി. ആ നരേന്ദ്ര മോദിയെ ഊഷ്മളമായി ആശ്ലേഷിക്കാന്‍ താങ്കള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല! എന്നാല്‍, ഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന, മതേതരത്വത്തിന് വേണ്ടി പോരാടുന്ന, നിങ്ങള്‍ക്കൊപ്പം 'ഇന്ത്യ' പൊളിറ്റിക്കല്‍ ബ്ലോക്കിലുള്ള ഒരു പ്രമുഖ പാര്‍ട്ടിയുടെ സമുന്നതനായ നേതാവിനെ ആശ്ലേഷിക്കാന്‍ താങ്കള്‍ക്ക് ഒരിക്കലും കഴിയില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയ യുക്തി എന്താണ്' എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ എ എ റഹീം ചോദിച്ചിരിക്കുന്നത്.
ജൂണ്‍ എട്ടിന് നടന്ന ഇന്‍ഡ്യാ സഖ്യയോഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സമസ്ത മേഖലകളും ആര്‍എസ്എസും ബിജെപിയും കയ്യടക്കുന്ന ഘട്ടത്തില്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ തലത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതാക്കരുതെന്ന സന്ദേശമാണ് രാഹുല്‍ സഖ്യയോഗത്തില്‍ നല്‍കിയത്.
പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ തനിക്ക് സാധിക്കില്ല എന്ന് പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. പിണറായി വിജയനുമായുളള രാഷ്ട്രീയ പോരാട്ടം തുടരുകയാണെന്നും ഇന്‍ഡ്യാ സഖ്യത്തിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ നിലനില്‍പ്പുണ്ട്. ഇന്ത്യ എന്ന ആശയം പ്രതിരോധത്തില്‍ ആകുമ്പോള്‍ പ്രതിപക്ഷം ഒറ്റക്കെട്ടാകും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ഒന്നിക്കാനുളള വഴക്കം നമുക്ക് ഉണ്ടാകണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് റഹീം പ്രതികരിച്ചത്.
"എനിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാനാകില്ല. അദ്ദേഹവുമായി സജീവമായ ഒരു രാഷ്ട്രീയ പോരാട്ടം നിലവിലുണ്ട്."
— രാഹുൽ ഗാന്ധി
അപ്പോൾ നിങ്ങൾ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ?
ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ തീറെഴുതിക്കൊടുക്കുന്ന, സംഘപരിവാറിന്റെ നേതാവാണ് നരേന്ദ്ര മോദി.
ആ നരേന്ദ്ര മോദിയെ ഊഷ്മളമായി ആശ്ലേഷിക്കാൻ താങ്കൾക്ക് യാതൊരു മടിയുമുണ്ടായില്ല!!!
എന്നാൽ, ഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന , മതേതരത്വത്തിന് വേണ്ടി പോരാടുന്ന,നിങ്ങൾക്കൊപ്പം 'ഇന്ത്യ' പൊളിറ്റിക്കൽ ബ്ലോക്കിലുള്ള ഒരു പ്രമുഖ പാർട്ടിയുടെ സമുന്നതനായ നേതാവിനെ ആശ്ലേഷിക്കാൻ താങ്കൾക്ക് ഒരിക്കലും കഴിയില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയ യുക്തി എന്താണ്???
Content Highlight : Rahul gandhi remark on embracing pinarayi vijayan draws response from aa rahim