തിരുവനന്തപുരം: ഗതാഗത വകുപ്പിന്റെ ഉത്തരവ് മറികടന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാറിന്റെ നിയമലംഘനം. കെ വി മനോജ് കുമാര്‍ ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ആയതിന് പിന്നാലെ ടാക്സി ഇന്നോവ സ്വകാര്യ വാഹനമാക്കിയാണ് ഇത്രയും കാലമായി ഉപയോഗിക്കുന്നത്. ടാക്സി വാഹനത്തിന്റെ മഞ്ഞ നമ്പര്‍ പ്ലേറ്റ് നിയമവിരുദ്ധമായി മാറ്റി വെള്ള നമ്പര്‍ പ്ലേറ്റാക്കിയിട്ടുണ്ട്.
വെള്ള നമ്പര്‍ പ്ലേറ്റാക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് 2020ല്‍ കെ വി മനോജ് കുമാര്‍ ഗതാഗത വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഗതാഗത കമ്മീഷണര്‍ പരിശോധിച്ച ശേഷം ഒരു കാരണവശാലും മഞ്ഞ ബോര്‍ഡ് മാറ്റാന്‍ കഴിയില്ലെന്ന് ഗതാഗത വകുപ്പിനെ അറിയിച്ചു. ഗതാഗത വകുപ്പ് ഇക്കാര്യം ഉത്തരവായി 2021 ജൂലൈയില്‍ ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ നല്‍കിയെങ്കിലും നിയമം ലംഘിച്ച് ഇത്രയും കൊല്ലമായി മഞ്ഞ ബോര്‍ഡ് മാറ്റി വെള്ള ബോര്‍ഡ് വെച്ച് സ്വകാര്യവാഹനം പോലെ ഉപയോഗിക്കുകയാണ്. വാഹനത്തിന്റെ ദൃശ്യങ്ങളും ഗതാഗത വകുപ്പിന്റെ രേഖകളും റിപ്പോർട്ടറിന് ലഭിച്ചു.
ഇന്നോവ ക്രിസ്റ്റയാണ് മനോജ് കുമാര്‍ ഉപയോഗിക്കുന്നത്. പരിവാഹന്‍ സൈറ്റില്‍ ഈ വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചാല്‍ ടാക്സി വാഹനമാണെന്ന് വ്യക്തമാകും. ടാക്സി വാഹനത്തിന് മഞ്ഞ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കണമെന്ന നിയമമാണ് അഭിഭാഷകന് കൂടിയായ മനോജ് കുമാര്‍ ലംഘിച്ചിരിക്കുന്നത്. പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്താണ് മനോജ് കുമാറിനെ നാമനിര്‍ദേശം ചെയ്തത്. 2026 ജൂണ്‍ മാസമായിട്ടും ഇതേരീതിയില്‍ നിറം മാറ്റിയ നമ്പര്‍ പ്ലേറ്റാണ് മനോജ് കുമാര്‍ ഉപയോഗിക്കുകയാണ്. വര്‍ഷങ്ങളായിട്ടും എംവിഡി ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Content Highlights: Allegations have emerged that a taxi-registered Innova was being used as a private vehicle by the Child Rights Commission chairperson. The issue has sparked criticism, with reports claiming that the Motor Vehicles Department has not taken action despite the concerns raised