തിരുവന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. യുപി നോയിഡ സ്വദേശി സൗരവ് (24) നെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്ററ് ചെയ്തത്. ലോണ്‍ ആപ്പ് ടെലികോളറാണ് പ്രതി.
ഇന്‍സ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്ഐആര്‍. മാനസികമായി പീഡിപ്പിച്ചു എന്നും എഫ്ഐആറിലുണ്ട്. ചക്കരക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഓണ്‍ലൈന്‍ മാഫിയാ സംഘം നിതിനും അധ്യാപികയായ ലതയ്ക്കും അയച്ച ഭീഷണി സന്ദേശം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.
ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്ക്ക് ഫോണ്‍ കോളുകള്‍ വന്നതിനെ തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.തൊട്ടുപിന്നാലെയായിരുന്നു നിതിന്‍ ജീവനൊടുക്കിയത്.നിതിന്റെ മരണത്തിന് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
വീട്ടുകാരുടെ അറിവോടെ അമ്മയുടെ ചികിത്സാ ചെലവിനായാണ് ഓണ്‍ലൈന്‍ ആപ്പ് വഴി നിതിന്‍ പണം കടം എടുത്തതെന്നും ആ പണം മുഴുവന്‍ തിരിച്ചടച്ചിരുന്നെന്നും അധ്യാപികക്ക് ലോണ്‍ ആപ്പില്‍ നിന്നും ഭീഷണി വന്നിട്ടുണ്ടെങ്കില്‍ അത് രക്ഷിതാക്കളെ അറിക്കണമായിരുന്നു എന്നുമായിരുന്നു നേരത്തെ ഈ വിഷയത്തിൽ നിതിൻ്റെ അച്ഛൻ പ്രതികരിച്ചത്. അനാവശ്യകാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്ന സ്വഭാവക്കാരനല്ല നിതിനെന്നും അച്ഛന് രാജന് വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.
മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് നിതിന്‍ ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചിരുന്നു.
Content Highlight: One more person has been arrested in connection with the investigation into the death of Nithin Raj, according to police