ഹരിപ്പാട് DYFI ഫുട്‌ബോള്‍ വിളംബര ജാഥ നടത്തിയ സംഭവം; 25ഓളം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

രാഷ്ട്രീയ പ്രേരിതമാണ് കേസ് എന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രതികരിച്ചത്

ആലപ്പുഴ: ഹരിപ്പാട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ ഫുട്‌ബോള്‍ വിളംബര ജാഥ നടത്തിയ സംഭവത്തില്‍ 25ഓളം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ദേശീയ പാതയില്‍ അന്യായമായി സംഘം ചേര്‍ന്നു, വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തടസം സൃഷ്ടിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതിന് എതിരെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് ജൂണ്‍ 17ന് കായിക പ്രേമികളെ പങ്കെടുപ്പിച്ച് കൊണ്ട് ഡിവൈഎഫ്‌ഐ പ്രതിഷേധ വിളംമ്പരജാഥ സംഘടിപ്പിക്കും.

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍, ബ്ലോക്ക് സെക്രട്ടറി, പ്രസിഡന്റ് അടക്കമുള്ളവര്‍ വിളംബര ജാഥയില്‍ പങ്കെടുത്തിരുന്നു. വിളംബര ജാഥ ഉദ്ഘാടനം ചെയ്തത് സുരേഷ് കുമാറായിരുന്നു. ലോകകപ്പ് ഫുട്‌ബോളിനോട് അനുബന്ധിച്ച് ഡിവൈഎഫ്‌ഐയുടെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും വിളംബര ജാഥ പോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഓരോ ബ്ലോക്ക് കമ്മിറ്റിയും പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരത്തില്‍ പ്രകടനങ്ങള്‍ നടത്തിയാല്‍ അറിയിപ്പ് നല്‍കും. ഇവിടെയും അറിയിപ്പ് നല്‍കിയെങ്കിലും പ്രത്യേക അനുമതി വാങ്ങിയില്ലെന്ന കാരണം കാണിച്ചാണ് ഹരിപ്പാട് എസ്‌ഐ ബാബുജിയുടെ നേതൃത്വത്തില്‍ ജാഥ തടഞ്ഞത്. ടൗണ്‍ ഹാളിന് മുന്നില്‍ നിന്നും ആരംഭിച്ച ജാഥ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ വച്ചാണ് എസ്ഐ തടഞ്ഞത്.

എസ്ഐക്ക് സ്ഥലം മാറ്റം

സംഭവത്തില്‍ ഡിവൈഎഫ്ഐ നൽകിയ പരാതിയില്‍ എസ്ഐ ബാബുജിയെ സ്ഥലം മാറ്റി. ഹരിപ്പാട് നിന്ന് കരീലക്കുളങ്ങരയിലേക്കാണ് അടിയന്തര സ്ഥലംമാറ്റം. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. ജാഥയ്ക്ക് കുറുകെ ജീപ്പ് വട്ടംവെച്ചു സംഘർഷം ഉണ്ടാക്കാൻ എസ് ഐ ശ്രമിച്ചു എന്നാണ് ഡിവൈഎഫ്ഐ എസ് പിക്ക് പരാതി നൽകിയത്. ആഭ്യന്തരവകുപ്പ് മന്ത്രിയുടെ ഓഫീസും ഇടപെട്ടതായാണ് വിവരം

സംഭവത്തിൽ ബുധനാഴ്ച രാവിലെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് എസ്പി തേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിലും എസ് ഐയുടെ അനാവശ്യ ഇടപെടലിൽ ഹരിപ്പാട് പൊലീസും സിപിഐഎം പ്രവർത്തകരുമായി വലിയ സംഘർഷം ഉണ്ടായിരുന്നു

ഉച്ചഭാഷിണിയിലൂടെ ശബ്ദമലിനീകരണം ഉണ്ടാക്കിയതടക്കം രണ്ടു വര്‍ഷം തടവും ഉയര്‍ന്ന പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റങ്ങളാണ് കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സര്‍ക്കാര്‍ മാറിയതോടെ ഹരിപ്പാട് എസ്‌ഐയ്ക്ക് വിഷയത്തില്‍ പ്രത്യേക താത്പര്യമുണ്ടെന്ന ആക്ഷേപവും ഒരുവശത്ത് ഉയരുന്നുണ്ട്. ആഭ്യന്തരവകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലമായ ഹരിപ്പാട് ഇത്തരം രീതികള്‍ പിന്തുടര്‍ന്നാല്‍ അദ്ദേഹത്തെ വഴിയില്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുടങ്ങിയ വിളംബര ജാഥ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിക്കാനാണ് ഡിവൈഎഫ്‌ഐ തീരുമാനം. അന്യായമായി തങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്.

അതേസമയം രാഷ്ട്രീയ പ്രേരിതമാണ് കേസെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ പ്രതികരിച്ചു. ഡിവൈഎഫ്‌ഐ ഇത്തരം പരിപാടി സംഘടിപ്പിച്ചതാണ് ഹരിപ്പാട് എസ്‌ഐ ബാബുജിയെ ചൊടിപ്പിച്ചത്. വളരെ സമാധാനപരമായി കായികപ്രേമികളെയും യുവതി യുവാക്കളെയും ഉള്‍പ്പെടുത്തിയാണ് ജാഥ നടത്തിയത്. ജാഥ കടന്നുവരുമ്പോള്‍ സിവില്‍ ഡ്രസിലെത്തിയ എസ്‌ഐ പൊലീസ് ജീപ്പ് കുറുകെ നിര്‍ത്തി ജാഥ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. അനൗണ്‍സ്‌മെന്റ് വാഹനം പിടിച്ചെടുക്കാനും ശ്രമിച്ചു. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കിയെന്നും സുരേഷ് കുമാര്‍ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

Content Highlights: Police have filed a case against approximately 25 DYFI activists in Haripad in connection with a football promotional procession

To advertise here,contact us